Mon. Dec 23rd, 2024
പാലക്കാട്:

മുതലമടയിൽ ആദിവാസി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രത്തിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അപ്സര ട്രയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ട് എം ഡി വിഷ്ണുപ്രിയ ആണ് അറസ്റ്റിലായത്.രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് കുറ്റപത്രം.

ചിറ്റൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തൽ, ജാതി പേര് വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുതലമടയിലെ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്.

തിരുവനന്തപുരം മലയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്സര ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് തട്ടിപ്പ് നടന്നത്. ആദിവാസികളുടെ ഫണ്ട് അപ്സര ട്രെയിനിംഗ് ഇൻസ്റ്റ്യൂട്ട് തട്ടിയെടുത്തെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഒരു കോടി രൂപയുടെ പദ്ധതിയില്‍ 25 ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തൽ.

ഇവിടേക്ക് വാങ്ങിയ തയ്യല്‍ മെഷീനുകളിൽ ഭൂരിഭാഗവും കേടായതാണ്. അധ്യാപകരുടെ ശമ്പളത്തിലും വെട്ടിപ്പ് നടന്നിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്. വിജിലൻസ് സംഘം വിതുര മലയടിയിലെ പരിശീലന കേന്ദ്രത്തില്‍ പരിശോധന നടത്തിയിരുന്നു.