Fri. Nov 22nd, 2024
പാലക്കാട്:

പുനർനിര്‍മാണം കഴിഞ്ഞ് നാലുമാസം പിന്നിട്ടതും പാലക്കാട് മലമ്പുഴ വാരണിപാലം വീണ്ടും തകർന്നു. പാലത്തിന്‍റെ മധ്യഭാഗത്താണ് വിള്ളലുകൾ ഉണ്ടായി തഴ്ന്നിരിക്കുന്നത്. ഇതോടെ ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് മലമ്പുഴ ഗ്രാമ പഞ്ചായത്ത്.

2018 ലെ പ്രളയത്തിൽ മലമ്പുഴ അണക്കെട്ട് തുറന്നതോടെയാണ് വാരണി പാലം ആദ്യം തകർന്നത്. ഇതോടെ വാരണി, കുനുപ്പുള്ളി, തൂപ്പളളം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ നേരിട്ടത് വലിയ പ്രതിസന്ധിയായിരുന്നു. സ്വകാര്യ ബസ് സര്‍വ്വീസ് നിര്‍ത്തി.

കൊവിഡ് കാലത്തടക്കം രോഗികളെ കൊണ്ടുപോയത് 14 കിലോമീറ്ററോളം അധികം യാത്ര ചെയ്ത്.
ദുരിതങ്ങൾക്കവസാനമാകുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ നവംബറിൽ 22 ലക്ഷം രൂപ ചെലവഴിച്ച് സർക്കാർ പാലം പുനർനിർമ്മിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് നാലുമാസം പിന്നിട്ടപ്പോഴേക്കും പാലം വീണ്ടും തകർന്നിരിക്കുകയാണ്.

ആദ്യം റോഡിനു കുറുകെ ചെറിയ വിള്ളൽ കണ്ടു. പിന്നീടാണ് പാലത്തിന്റെ മധ്യഭാഗത്തെ തൂണുകൾ ചെളിയിൽ ഇരുന്നത്. പുനർനിർമ്മാണ സമയത്ത് പാലത്തിൽ കൃത്യമായ പരിശോധന നടത്താത്തതാണ് പാലം വീണ്ടും തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. പാലത്തിന്റെ മധ്യഭാഗം താഴ്ന്നതോടെ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടു വരാൻ ഒരുങ്ങുകയാണ് മലമ്പുഴ ഗ്രാമപഞ്ചായത്ത്.