Mon. Dec 23rd, 2024

കൊളംബിയൻ മുൻ ഇന്‍റർനാഷണൽ ഫുട്ബോൾ താരം ഫ്രെഡി റിങ്കൺ വാഹനാപകടത്തില്‍ മരിച്ചു. 55 വയസ്സായിരുന്നു. വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയായിരുന്നു മരണം.

കൊളംബിയയിലെ കാലിയിൽ തിങ്കളാഴ്ച പുലർച്ചെ ഫ്രെഡി റിങ്കൺ ഓടിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 1990 മുതല്‍ 2001 വരെ കൊളംബിയന്‍ ഫുട്‌ബോളിന്റെ സുവര്‍ണ തലമുറയിലെ മധ്യനിര താരമായിരുന്നു റിങ്കണ്‍. മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ റിങ്കൺ നാപ്പോളി പൽമീറസ്, സാന്റോസ് എന്നീ ക്ലബ്ബുകൾക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്.

2000-ൽ ആദ്യത്തെ ഫിഫ ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കൊറിന്ത്യൻസിനെ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായിരുന്നു. 1990, 1994, 1998 ലോകകപ്പുകളിൽ ഫ്രെഡി റിങ്കൺ കൊളംബിയയെ പ്രതിനിധീകരിച്ചു. 84 മത്സരങ്ങളില്‍ നിന്നായി 17 ഗോളുകളും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.

1990 ലോകകപ്പിൽ ഇറ്റലിയിലെ മിലാനിൽ പശ്ചിമ ജർമ്മനിക്കെതിരെ ഫ്രെഡി നേടിയ ഗോളാണ് അദ്ദേഹത്തിന്‍റെ ഏറ്റവും അവിസ്മരണീയവുമായ ഗോളുകളിലൊന്ന്.