Fri. Nov 22nd, 2024
പാകിസ്ഥാൻ:

പാക്കിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റ ഷഹബാസ് ഷരീഫ് വൻപ്രതിസന്ധികളിൽ നട്ടം തിരിയുന്ന രാജ്യത്തു സമൂല പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നതായി ആദ്യ ദിന ഭരണനടപടികൾ സൂചന നൽകുന്നു. ഇന്നലെ രാവിലെ 8ന്, ജീവനക്കാർക്കു മുൻപേ ഓഫിസിലെത്തിയ പ്രധാനമന്ത്രി, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിസമയം 10നു തുടങ്ങുന്നതിനു പകരം 2 മണിക്കൂർ മുൻപേയാക്കുകയാണെന്നു പ്രഖ്യാപിച്ചു. നിലവിലുള്ള അവധി സമ്പ്രദായവും പുതിയ പ്രധാനമന്ത്രി പുതുക്കി നിശ്ചയിച്ചു.

ആഴ്ചയിൽ 2 ദിവസത്തെ അവധി ഇനി മുതൽ ഞായർ മാത്രമാക്കി ചുരുക്കി. പെൻഷൻ വർധന, കുറഞ്ഞ ശമ്പളം 25,000 രൂപ തുടങ്ങിയ പരിഷ്കാരങ്ങളും നടപ്പാക്കി. സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനുള്ള നയരൂപീകരണത്തിന് വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്.

പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി അധ്യക്ഷനും മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ സർദാരി വിദേശകാര്യമന്ത്രിയായേക്കും. റാണ സനുല്ല (ആഭ്യന്തരം), മറിയം ഓറംഗസേബ് (വാർത്താ വിതരണം) എന്നിവരും മന്ത്രിസഭയിലുണ്ടായേക്കുമെന്നാണ് സൂചനകൾ. പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഷഹബാസ് ഷരീഫ് സത്യപ്രതിജ്ഞ ചെയ്തപ്പോൾ ജതി ഉംറ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഗ്രാമവാസികൾ പ്രാർഥന നടത്തി.

ലഹോറിനടുത്ത് പാക്ക് പഞ്ചാബിലെ ഇക്ബാൽ തെഹ്സിലിലുള്ള ജതി ഉംറ ഗ്രാമത്തിലാണ് ഷഹബാസിന്റെ വീട്. 2013 ൽ ഷഹബാസ് ഷരീഫ് ജന്മഗ്രാമം സന്ദർശിച്ചിരുന്നു. വിഭജന പൂർവ ഇന്ത്യയിൽ ജതി ഉംറയിലെ ഏക മുസ്‌ലിം വീടായിരുന്നു മിയാൻ മുഹമ്മദ് ഷരീഫിന്റേത്.

അഭിനന്ദനമറിയിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് നന്ദി പറഞ്ഞു. കശ്മീർ ഉൾപ്പെടെ പ്രശ്നങ്ങൾക്കു സമാധാനപരമായ പരിഹാരം അനിവാര്യമാണെന്നും മോദിയുടെ ട്വീറ്റിനു മറുപടിയായി ഷരീഫ് കുറിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവൊ ലിജിയാനും ഷഹബാസിനെ അഭിനന്ദനമറിയിച്ചു. ഒരിക്കലും തകർക്കാൻ പറ്റാത്ത ബന്ധമാണ് ഇരു രാജ്യങ്ങളുടേതെന്നും പറഞ്ഞു.