കൊച്ചി:
പ്രകൃതിദുരന്തങ്ങളിൽ അഭയമാകാൻ പള്ളിപ്പുറത്ത് ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിന്റെ (സൈക്ലോൺ ഷെൽട്ടർ)നിർമാണം പൂർത്തിയായി. പള്ളിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ് അഭയകേന്ദ്രം. റവന്യു വകുപ്പിന്റെ ഭൂമിയിലാണ് കേന്ദ്രം നിർമിച്ചിരിക്കുന്നത്.
അഞ്ച് കോടി 17 ലക്ഷം രൂപയാണ് മൂന്നുനില കെട്ടിടത്തിന് നിർമാണച്ചെലവ്. ചുഴലിക്കാറ്റുപോലുള്ള പ്രകൃതിദുരന്തങ്ങളുണ്ടായാൽ ജനങ്ങൾക്ക് അഭയമൊരുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ട്. ഓരോ നിലയിലും ഹാൾ, ശുചിമുറി, സിക്ക് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്.
താഴത്തെ നിലയിൽ അടുക്കള, ഇലക്ട്രിക്കൽ റൂം, ജനറേറ്റർ റൂം എന്നിവ സജ്ജീകരിച്ചു. മഴവെള്ള സംഭരണിയും കുടിവെള്ള ടാങ്കും സെപ്റ്റിക് ടാങ്കും അനുബന്ധ സൗകര്യങ്ങളും നിർമിച്ചിട്ടുണ്ട്. ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്.
കേരള തീരപ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന അപകടവും വ്യാപ്തിയും കുറയ്ക്കുന്നതിനായി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള സമഗ്ര പദ്ധതിയാണ് ദേശീയ ചുഴലിക്കാറ്റ് അപകട സാധ്യതാ ലഘൂകരണ പദ്ധതി. കേന്ദ്ര സർക്കാരിന്റെയും ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ലോക ബാങ്കിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് തീരദേശ ജില്ലകളിലായി 16 അഭയകേന്ദ്രങ്ങൾ നിർമിക്കും.
മുൻവർഷങ്ങളിലുണ്ടായ പ്രകൃതി ദുരന്തങ്ങൾ പള്ളിപ്പുറത്തെ കാര്യമായി ബാധിച്ചു. ഓഖിയും വെള്ളപ്പൊക്കവും വന്നപ്പോൾ അഭയകേന്ദ്രമില്ലാതെ പ്രദേശവാസികൾ ബുദ്ധിമുട്ടിയിരുന്നു. വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറത്ത് പൂർത്തിയായ ചുഴലിക്കാറ്റ് അഭയകേന്ദ്രം നേരത്തേ ഉദ്ഘാടനം ചെയ്തിരുന്നു.