Wed. Jan 22nd, 2025
പത്തനംതിട്ട:

അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴക്കിടയിലും വിളവെടുക്കാനായെങ്കിലും ദുരിതങ്ങള്‍ക്ക് നടുവില്‍ തന്നെയാണ് അപ്പർ കുട്ടനാട്ടിലെ കർഷകർ. നനവ് തട്ടിയ നെല്ല് സ്വകാര്യ മില്ലുകള്‍ ഏറ്റെടുക്കാതിരുന്നതോടെ നിരവധി കർഷകരാണ് മേഖലയില്‍ പ്രതിസന്ധിയിലായത് . എന്നാല്‍ ഏതു വിധേനയും വിളവെടുത്ത നെല്ല് വിറ്റഴിക്കാനുള്ള പെടാപ്പാടിലാണ് പ്രദേശത്തെ കർഷകർ.

കഴിഞ്ഞ വർഷമുണ്ടായ തുർച്ചയായ വെള്ളപ്പൊക്കങ്ങള്‍ മൂലം മൂന്നു മാസം വൈകിയാണ് അപ്പർ കുട്ടനാട്ടില്‍ കർഷകർ കൃഷിയിറക്കിയത്. 90 ദിവസത്തിനുള്ളില്‍ വിളവെടുക്കാനാവുന്ന മണിരത്ന വിത്തുകളാണ് ഭൂരിഭാഗം ആളുകളും ഉപയോഗിച്ചത്. എന്നാല്‍ മാസങ്ങള്‍ നീണ്ട അധ്വാനത്തിനൊടുവില്‍ വിളവെടുപ്പ് സമയത്ത് അപ്രതീക്ഷിതമായെത്തിയ വേനല്‍ മഴയില്‍ കർഷകരുടെ പ്രതീക്ഷകളറ്റു.

കടബാധ്യതയും കാലാവസ്ഥാ കെടുതികളും ഒരുപോലെ നേരിട്ട ചിലർ പാടങ്ങള്‍ കൊയ്തെടുക്കാന്‍ തീരുമാനിച്ചു. അവരുടെ പ്രതീക്ഷകളെ അട്ടിമറിച്ച് കൊയ്തെടുത്ത നെല്ലത്രയും ഇപ്പോഴും പാടവരമ്പുകളില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. നെല്ല് സംഭരിക്കുന്നതിനായി സ്വകാര്യ മില്ലുകളുടെ ഏജന്‍റുമാരെ കർഷകര്‍ പലരും സമീപിച്ചു.

എന്നാല്‍ നനവ് തട്ടിയ നെല്ലിനൊപ്പം തന്നെ യാത്രാ സൗകര്യങ്ങളുടെ അഭാവവും കർഷകർക്ക് തിരിച്ചടിയായി. കർഷകരില്‍ നിന്നും സപ്ലൈകോ ഏറ്റെടുക്കുന്ന നെല്ലിന്‍റെ വില നിശ്ചയിക്കുന്നത് സ്വകാര്യ മില്ലുകളുടെ ഏജന്‍റുമാരാണ്. അതുകൊണ്ട് തന്നെ ഈ ഏജന്‍റുമാരുടെ പരമാവധി ലാഭം കഴിച്ചാണ് കൃഷിക്കാർക്ക് പ്രതിഫലം ലഭിക്കുന്നതും.

അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയെ അതീജീവിച്ചും അപ്പർ കുട്ടനാട്ടിലെ കർഷകരില്‍ ചിലർക്ക് പിടിച്ച് നില്‍ക്കാനായിട്ടുണ്ട് . എന്നാല്‍ ഓരോ ദിവസും നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ക്ക് മുന്നില്‍ ഇവരിലേരെപ്പേരും നിസ്സഹായരാവുകയാണ്.