Mon. Dec 23rd, 2024
കാസർകോട്‌:

പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ്‌ (എച്ച്‌എഎൽ) കാസർകോട്‌ യൂണിറ്റ്‌ തുടങ്ങിയിടത്ത്‌ തന്നെ.
സീതാംഗോളി കിൻഫ്ര പാർക്കിൽ സംസ്ഥാന സർക്കാർ നൽകിയ 196 ഏക്കർ ഭൂമിയിൽ ഇതുവരെ ഉപയോഗിച്ചത്‌ 16 ഏക്കർ മാത്രം. ബാക്കിയുള്ള ഭൂമി
പത്ത്‌ വർഷത്തോളമായി വെറുതെ കിടക്കുകയാണ്‌.

ഹൈദരാബാദിലെ ഏവിയേഷൻ ഇലക്ട്രോണിക്‌സ് (ഏവിയോണിക്‌സ്) ഡിവിഷന്റെ കീഴിലുള്ള കാസർകോട്‌ സ്‌ട്രാറ്റജിക്‌ ഇലക്‌ട്രോണിക്‌സ്‌ ഫാക്ടറിയാണിത്‌. വി എസ്‌ അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത്‌ എളമരം കരീം വ്യവസായ മന്ത്രിയായിരിക്കവേയാണ്‌ സീതാംഗോളി കിൻഫ്ര പാർക്കിലെ 196 ഏക്കർ ഭൂമി എച്ച്‌എഎൽ ഫാക്ടറിക്ക്‌ കൈമാറിയത്‌. 2008 ആഗസ്‌ത് 23ന്‌ തറക്കല്ലിട്ടു.

ഒന്നാംഘട്ടത്തിൽ 16 ഏക്കർ ഭൂമിയിൽ 66 കോടി രൂപ ചെലവിൽ ഫാക്ടറിയും ഓഫീസ്‌ സമുച്ഛയവും നിർമിച്ചു. 2012 നവംബർ 17 നാണ്‌ ഉദ്യോഗികമായി ഉദ്‌ഘാടനം ചെയ്‌തതെങ്കിലും ഫാക്ടറി പ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നു. രണ്ടാം ഘട്ടത്തിൽ വലിയ വിപുലീകരണമാണ്‌ അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണി പ്രഖ്യാപിച്ചത്‌.

യുദ്ധ വിമാനങ്ങൾക്കുള്ള മിഷൻ കംപ്യൂട്ടർ, ഡിസ്‌പ്ലേ പ്രൊസസർ, റഡാർ കംപ്യൂട്ടർ, വിവിധ കംപ്യൂട്ടറുകൾ നിർവഹിക്കുന്ന ജോലികൾ ഒറ്റ കംപ്യൂട്ടറിൽ ചെയ്യാൻ കഴിയുന്ന ആധുനിക ഓപ്പൺ ആർക്കിടെക്ചർ കംപ്യൂട്ടർ എന്നിവയാണ്‌ ഇവിടെ നിർമിക്കുന്നത്‌. യുദ്ധ വിമാനങ്ങൾക്കും ഹെലികോപ്‌ടറുകൾക്കുമുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളാണിത്‌. റഷ്യൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള സുഖോയ്‌ 30, മിഗ്‌ 27, ഇന്ത്യയുടെ സ്വന്തമായ തേജസ്‌ എന്നീ യുദ്ധവിമാനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്നു. റഷ്യ അടക്കമുള്ള വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റുമതിയും ചെയ്യുന്നുണ്ട്‌.