Wed. Jan 22nd, 2025
എരുമപ്പെട്ടി:

പരമ്പരാഗതമായി വെടിക്കെട്ട് തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ മരുമകളാണ് ഇത്തവണ തൃശൂർ പൂരം വെടിക്കെട്ടിന്‍റെ കരാറുകാരി. എംഎസ് ഷീന സുരേഷിന്‍റെ കരവിരുതിലാണ് ഇത്തവണ തൃശൂരിന്‍റെ വാനിൽ അഗ്നിപുഷ്പങ്ങൾ വിരിയുക. ചരിത്രത്തിലാദ്യമായാണ് ഒരു വനിത പൂരം വെടിക്കെട്ടിന്‍റെ കരാർ ഏറ്റെടുക്കുന്നത്.

പെസോയുടെ പ്രത്യേക ലൈസൻസ് നേടി പൂരം വെടിക്കെട്ടിനു തിരുവമ്പാടി വിഭാഗമാണ് ഷീന സുരേഷിനെ കരാർ നൽകിയത്. വർഷങ്ങളായി കുണ്ടന്നൂർ പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകൾ വെടിക്കെട്ട് ജോലികൾ ചെയ്യുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ വലിയൊരു വെടിക്കെട്ടിന് ലൈസൻസ് എടുക്കുന്നത്.

വർഷങ്ങളായി ഷീന സുരേഷ് കരിമരുന്ന് നിർമാണ ജോലികൾ ചെയ്തു വരുന്നു. വെടിക്കെട്ട് തൊഴിലാളിയായ സുരേഷിന്‍റെ ശക്തമായ പിന്തുണയാണ് ഷീനയുടെ കരുത്ത്. കഴിഞ്ഞ ദിവസമാണ് പൂരം വെടിക്കെട്ടിന് അനുമതി നൽകി പെസോയുടെ ഉത്തരവിറങ്ങിയത്. ഗുണ്ട്, കുഴിമിന്നൽ, മാലപ്പടക്കം, അമിട്ട് എന്നിവക്കാണ് അനുമതി ലഭിച്ചത്.