Mon. Dec 23rd, 2024

ഈ വർഷത്തെ ഏഷ്യാ കപ്പ് നടത്തിപ്പവകാശം ശ്രീലങ്കയ്ക്ക് നഷ്ടമാവും. ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വേദി മാറ്റാൻ അണിയറയിൽ നീക്കം തുടങ്ങിയത്. ഈ വർഷം ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെ ടി-20 ഫോർമാറ്റിലാണ് ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ ഐപിഎൽ സംപ്രേഷണം നിർത്തിവച്ചിരുന്നു. ഏഷ്യാ കപ്പ് പോലെ ഒരു വലിയ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്താൻ ഇപ്പോൾ ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതിയ്ക്ക് സാധിക്കില്ലെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഐസിസി ഉടൻ തീരുമാനമെടുക്കും.

6 ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെൻ്റിൽ കളിക്കും.

2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 2020ലെ ഏഷ്യാ കപ്പ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.