കോടീശ്വരന്‍ ഇലോണ്‍ മസ്ക് ട്വിറ്റര്‍ ബോര്‍ഡിന്‍റെ ഭാഗമാകില്ലെന്ന് ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാള്‍. മസ്‌ക് ട്വിറ്റര്‍ ബോർഡിലെത്തുമെന്ന് പരാഗ് അഗര്‍വാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം അഗര്‍വാള്‍ അറിയിച്ചതിങ്ങനെ-
ഇലോൺ മസ്കിനെ ട്വിറ്റർ ബോർഡിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഞാനും ബോർഡും നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു. മസ്കുമായി നേരിട്ടും ഞങ്ങൾ സംസാരിച്ചിരുന്നു. അദ്ദേഹത്തെ ബോർഡിൽ ഉള്‍പ്പെടുത്തുന്നതിലൂടെ കമ്പനിക്ക് മികച്ച വഴികള്‍ കണ്ടെത്താന്‍ കഴിയുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു.
ഇതിനാലാണ് മസ്കിനെ ബോർഡില്‍ നിയമിക്കുമെന്ന് ചൊവ്വാഴ്ച ഞങ്ങൾ പ്രഖ്യാപിച്ചത്. എന്നാൽ താന്‍ ബോർഡിൽ അംഗമാകില്ലെന്ന് മസ്ക് ഞങ്ങളെ അറിയിച്ചു. ഞങ്ങളുടെ ഓഹരിയുടമകള്‍ ബോർഡിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവരുടെ സംഭാവനകളുണ്ടാകും.
ഇലോൺ മസ്ക് ഞങ്ങളുടെ ഏറ്റവും വലിയ ഓഹരി ഉടമയായി തന്നെ തുടരും.” – പരാഗ് ട്വിറ്റ് ചെയ്തു.
3 ബില്യൺ ഡോളറിനാണ് ട്വിറ്ററിന്‍റെ 9.2 ശതമാനം ഓഹരി ഇലോൺ മസ്‌ക് സ്വന്തമാക്കിയത്. ട്വിറ്ററില്‍ കൊണ്ടുവരേണ്ട നിരവധി മാറ്റങ്ങൾ ഇലോണ്‍ മസ്ക് നിർദേശിച്ചു. അതിലൊന്ന് എഡിറ്റ് ബട്ടണായിരുന്നു. അത് എല്ലാവർക്കുമായി ഉടൻ ലഭ്യമാകുമെന്ന് ട്വിറ്റര്‍ അറിയിച്ചു.