ഇസ്ലാമാബാദ്:
ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പാകിസ്താൻ സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ന് നിർണായകദിനം. ഇമ്രാനെതിരായ അവിശ്വാസ വോട്ടെടുപ്പ് ഇന്ന് ദേശീയ അസംബ്ലിയിൽ നടക്കും. ഇറക്കുമതി സർക്കാരിനെ അംഗീകരിക്കില്ലെന്നും ജനങ്ങൾക്കൊപ്പം എന്നുമുണ്ടാകുമെന്നും ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോടതിവിധിയുടെയും അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന്റെയും പശ്ചാത്തലത്തിലായിരുന്നു ഇമ്രാൻ ഖാൻ ഇന്നലെ രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിശ്വാസവോട്ട് വിലക്കിയ ദേശീയ അസംബ്ലി തീരുമാനം. റദ്ദാക്കിയ സുപ്രിംകോടതി വിധിയെക്കുറിച്ചായിരുന്നു പ്രസംഗത്തിലെ ആദ്യ പ്രതികരണം.
വിധിയിൽ നിരാശനാണെന്നും എന്നാൽ അംഗീകരിക്കുന്നുവെന്നും ഇമ്രാൻ വ്യക്തമാക്കി. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നിലെ വിദേശ ഗൂഢാലോചനയെങ്കിലും കോടതി പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അട്ടിമറിനീക്കമുണ്ടായതിന്റെ തെളിവുകളിലേക്ക് കടക്കാത്തതിനും വിമർശനമുണ്ടായി.