Mon. Dec 23rd, 2024
തളിപ്പറമ്പ്:

കരിമ്പം ഫാമിലെ മൂന്നോളം സ്ഥലത്ത് വീണ്ടും കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചാമത്തെ തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. മാലിന്യം തള്ളുന്നത് പതിവായതോടെ പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകി.

തളിപ്പറമ്പ് -ഇരിട്ടി സംസ്ഥാനപാതയോരത്തെ കരിമ്പം ഫാമിനുള്ളിലൂടെ ഒഴുകുന്ന രണ്ട് തോടുകളിലാണ് വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയത്. നേരത്തേ നാലുതവണ മാലിന്യം തള്ളിയതിനെ തുടർന്ന് ഫാമിലെ ജീവനക്കാർ ജാഗ്രതയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ടാങ്കർ ലോറിയിൽ എത്തിച്ചാണ് മാലിന്യം തള്ളിയത്.

ഫാം ബംഗ്ലാവിൽ കാവലിലുണ്ടായിരുന്ന ജീവനക്കാരൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ടാങ്കർ ലോറി മാലിന്യം തുറന്നുവിടുന്നത് കണ്ടത്. ഓടിവരുമ്പോഴേക്കും ടാങ്കർ ഓടിച്ചുപോയി. വ്യത്യസ്ത സമയങ്ങളിലായി മൂന്ന് ടാങ്കറുകളെത്തി മാലിന്യം തള്ളിയിട്ടുണ്ട്.

പ്രദേശത്തെ സിസിടിവി കാമറകൾ പരിശോധിച്ചപ്പോൾ ടാങ്കറുകൾ പോകുന്ന ദൃശ്യം കണ്ടെത്തിയെങ്കിലും രാത്രിയായതിനാൽ നമ്പർ വ്യക്തമല്ല. ഫാമിലെ ജൈവ വൈവിധ്യ കേന്ദ്രത്തിലേക്കും അവിടെനിന്ന് കരിമ്പം പുഴയിലേക്കുമാണ് മാലിന്യം ഒഴുകിയെത്തുക. ഫാം തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് മാലിന്യം തള്ളൽ തുടരുന്നത്.

കക്കൂസ് മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സിസിടിവി കാമറകൾ സ്ഥാപിക്കാൻ ജില്ല പഞ്ചായത്തിനോട് അഭ്യർഥിച്ചതായും സംഭവവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയതായും കുറുമാത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാച്ചേനി രാജീവൻ പറഞ്ഞു.