Fri. Nov 22nd, 2024
പാപ്പിനിശ്ശേരി:

ദേശീയപാതയിൽ മാലിന്യം തള്ളുന്നവരെ അടക്കം പിടികൂടുന്നതിന് ലക്ഷങ്ങൾ ചെലവിട്ട് പാപ്പിനിശ്ശേരി പഞ്ചായത്ത് സ്ഥാപിച്ച നിരീക്ഷണകാമറകൾ വാഹനമിടിച്ച് തകർത്തു. ബുധനാഴ്ച പുലർച്ചയാണ് സംഭവം. പാതക്കരികിൽ സ്ഥാപിച്ച അഞ്ചു കാമറകളും തകർന്നിട്ടുണ്ട്.

2019 ഒക്ടോബറാണ് 3.5 ലക്ഷം ചെലവിട്ട് കാമറകൾ സ്ഥാപിച്ചത്. ഇതിൽ രണ്ടെണ്ണം വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അതി സൂക്ഷമമായി രേഖപ്പെടുത്താൻ ശേഷിയുള്ളതായിരുന്നു. ചുരുങ്ങിയ കാലയളവിൽ മാലിന്യം തള്ളാനെത്തിയ നിരവധി വാഹനങ്ങൾ കാമറ കണ്ണിൽ പതിഞ്ഞതോടെ പിടികൂടാൻ സാധിച്ചിരുന്നു.

കാമറ ദൃശ്യങ്ങൾ പഞ്ചായത്ത് ഓഫിസിൽ കാണുന്ന രീതിയിലാണ് ക്രമീകരിച്ചിരുന്നത്. മാലിന്യം തള്ളുന്ന വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയതോടെയാണ് ദേശീയപാതക്കരികിൽ മാലിന്യം തള്ളുന്നതിന് ശമനമുണ്ടായത്. കാമറകൾ വാഹനമിടിച്ച് തകർത്ത സംഭവത്തിൽ പഞ്ചായത്ത് അധികൃതർ വളപട്ടണം പൊലീസിൽ പരാതി നൽകി. ലഭ്യമായ മറ്റു സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കാമറ തകർത്ത വാഹനം പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.