Fri. Jan 3rd, 2025
കൊട്ടാരക്കര:

പുറമേ കണ്ടാൽ ഹൈടെക് അങ്കണവാടി. നിറയെ കളിക്കോപ്പുകളും മികച്ച സൗകര്യങ്ങളും ഉള്ള മനോഹരമായ എസി കെട്ടിടം. പക്ഷേ കുഞ്ഞുങ്ങൾക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല. വൈദ്യുതിയില്ല. ‍

നിർമാണം നടക്കുന്ന കൊല്ലം റൂറൽ എസ്പി വളപ്പിൽ പ്രവർത്തിക്കുന്ന ഇടി‌സി വാർ‌ഡിലെ അങ്കണവാടിയ്ക്കാണ് ഈ ദുഃസ്ഥിതി. ഇരുപതോളം കുഞ്ഞുങ്ങളും അറുപതിലേറെ ഗുണഭോക്താക്കളും ഇവിടെ ഉണ്ട്. പൈപ്പ് കണക്‌ഷൻ ഇല്ല.

സമീപത്തെ വീടുകളിൽ നിന്ന് വെള്ളം കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ആഹാരം പാകം ചെയ്യാനും കുട്ടികളുടെ കൈകഴുകാനും ശുചിമുറി ഉപയോഗത്തിനുമായി വെള്ളം എത്തിച്ച് അങ്കണവാടി ജീവനക്കാർ തളരുന്നു. ജല വിതരണ പൈപ്പിൽ‍ നിന്ന് 100 മീറ്റർ കൂടി കണക്‌ഷൻ നൽകിയാൽ അങ്കണവാടിയിൽ ജലം എത്തും.

പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലും ജല സൗകര്യം ഉണ്ട്. കണക്‌ഷനായി അധികൃതർ മുട്ടാത്ത വാതിലുകളില്ല. പല തവണ വാർഡ് കൗൺസിലർക്ക് പരാതി നൽകി. നഗരസഭയിൽ പരാതി നൽകി. എന്നിട്ടും നടപടിയില്ല.

പൊലീസ് അധീനതയിലുള്ള കെട്ടിടത്തിൽ നിന്നാണ് വൈദ്യുതി കണക്‌ഷൻ . 2020ൽ പി അയിഷപോറ്റി എംഎൽഎയുടെ പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് രണ്ട് നില കെട്ടിടം നിർമിച്ചത്. താഴത്തെ നില മാത്രമാണ് അങ്കണവാടി പ്രവർത്തനത്തിന് വിട്ടു നൽകിയത്.

കുഞ്ഞുങ്ങൾക്കായി ടെലിവിഷൻ ഉൾപ്പെടെ അന്നത്തെ കൊല്ലം റൂറൽ എസ്പി ഹരിശങ്കർ പൊലീസ് ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകിയിരുന്നു. പക്ഷേ ടെലിവിഷൻ സാംസ്കാരിക കേന്ദ്രത്തിലേക്ക് എന്നു പറഞ്ഞ് മാറ്റി. അടിസ്ഥാന സൗകര്യങ്ങൾ വൈകിയാൽ അങ്കണവാടിയുടെ പ്രവർത്തനം നിലയ്ക്കുന്ന സ്ഥിതിയാണ്.