ചണ്ഡീഗഢ്:
സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങൽ തടയുന്നതിനായി ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും ഗുണ്ടാ വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിന് പഞ്ചാബ് സർക്കാർ ഒരു സമ്പൂർണ്ണ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും എഡിജിപി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലായിരിക്കും ഫോഴ്സിന്‍റെ പ്രവർത്തനമെന്നും സർക്കാർ പ്രസ്താവനയിൽ പറയുന്നു.
ഇന്റലിജൻസ് ശേഖരണം, എഫ്ഐആർ രജിസ്ട്രേഷൻ, വിചാരണ നടപ്പാക്കൽ തുടങ്ങി എല്ലാ നടപടികളും രാജ്യത്തെ മറ്റേതൊരു സേനയെയും പോലെ ടാസ്ക് ഫോഴ്സിനും ഉണ്ടായിരിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. സംസ്ഥാന വ്യാപകമായി ടാസ്ക് ഫോഴ്സിന് കീഴിൽ പുതിയ പൊലീസ് സ്റ്റേഷനുകൾ നിർമ്മിക്കുമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇത് കൂടാതെ സേനയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.