Fri. Nov 22nd, 2024
ന്യൂഡൽഹി:

ലോകാരോഗ്യ സംഘടന കൊവിഡ് വാക്‌സിനായ കോവാക്‌സിൻ യുഎൻ ഏജൻസികൾ വഴി വിതരണം ചെയ്യുന്നത് നിർത്തിവെച്ചു. പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ പരിഹരിക്കുന്നതിനും നിർമാണ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായാണ് ഇന്ത്യൻ കമ്പനിയായ ഭാരത് ബയോടെക് നിർമിക്കുന്ന വാക്‌സിൻ വിതരണം നിർത്തിയത്. അതേസമയം, വാക്‌സിൻ സ്വീകരിച്ച രാജ്യങ്ങളോട് ഉചിതമായ നടപടി സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുണ്ട്.

എന്നാൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. മാർച്ച് 14 മുതൽ 22 വരെയുള്ള പോസ്റ്റ് എമർജൻസി യൂസ് ലിസ്റ്റിങ് (ഇയുഎൽ) പ്രകാരമാണ് വിതരണം നിർത്താൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു.

വാക്‌സിൻ നിർമാതാക്കളും തീരുമാനത്തോട് യോജിച്ചതായും പറഞ്ഞു. കോവാക്‌സിന് യാതൊരു കാര്യക്ഷമതാ പ്രശ്‌നങ്ങളില്ലെന്നും സുരക്ഷിതമാണെന്നും ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭാരത് ബയോടെക് പ്രസ്താവനയിൽ അറിയിച്ചു. മില്യൺ കണക്കിന് ആളുകൾ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്നും സർട്ടിഫിക്കറ്റുകൾക്ക് സാധുതയുണ്ടെന്നും അവർ വ്യക്തമാക്കി.

നിർമാണ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി വാക്‌സിൻ നിർമാണ് കുറയ്ക്കുകയാണെന്നും അവർ പറഞ്ഞു. അതേസമയം, പോരായ്മകൾ പരിഹരിച്ച് നല്ല നിർമാണ രീതി -ജിഎംപി (ഗുഡ് മാനുഫാക്ച്ചറിംഗ് പ്രാക്ടീസ്) പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി അറിയിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ(ഡിസിജിഐ)ക്കും ലോകാരോഗ്യ സംഘടനക്കും സമർപ്പിക്കാൻ പുതിയ കർമ്മ പദ്ധതി തയ്യാറാക്കുകയാണെന്നും വ്യക്തമാക്കി.