Wed. Jan 22nd, 2025
പാകിസ്ഥാൻ:

പാകിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസപ്രമേയം ഇന്ന് വോട്ടിനിടും. അഴിമതി, സാമ്പത്തിക ദുർഭരണം, നിരത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

മാർച്ച് 8നാണ് ഇമ്രാനെതിരെ പ്രതിപക്ഷ പാർട്ടികള്‍ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 342 അംഗങ്ങളുള്ള ദേശീയസഭയില്‍ 172 വോട്ടുകളാണ് പ്രമേയത്തെ പരാജയപ്പെടുത്താനായി ഇമ്രാന് വേണ്ടത്. ഇമ്രാന്‍ നയിക്കുന്ന പാകിസ്താന്‍ തെഹ്‍രി ഇന്‍സാഫ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് നിലവില്‍ 165 പേരുടെ പിന്തുണയാണ് ഉള്ളത്.

അതേസമയം പ്രമേയത്തെ എങ്ങനെ നേരിടമെന്ന് തനിക്കറിയാമെന്നും രാജ്യത്തിന് നിരക്കാത്തതായ എന്ത് സംഭവിച്ചാലും തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്നും ഇമ്രാന്‍ ഖാന്‍ ആഹ്വാനം ചെയ്തു. രാജി, അവിശ്വാസപ്രമേയത്തെ പരാജയപ്പെടുത്തുക, തെരഞ്ഞെടുപ്പ് എന്നിങ്ങനെ മൂന്ന് വഴികളാണ് തനിക്ക് മുന്നിലുള്ളതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാകിസ്താന്‍റെ ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും കാലാവധി പൂര്‍ത്തിയാക്കിയിട്ടില്ല. 2018ല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ഇമ്രാന്‍ ഇപ്പോള്‍ നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. എല്ലാത്തിനും പിന്നില്‍ വിദേശശക്തികളുടെ ഗൂഢാലോചനയാണെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു.