Wed. Jan 22nd, 2025
തിരുവനന്തപുരം:

നെയ്യാര്‍, പേപ്പാറ വന്യജീവി സങ്കേതങ്ങളുടെ ചുറ്റുമുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി അമ്പൂരി പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പരാതികള്‍ പരിഹരിക്കുമെന്നും ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

പേപ്പാറ, നെയ്യാര്‍ വന്യജീവിസങ്കേതങ്ങള്‍ക്ക് ചുറ്റും 70.9 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍ദേശിച്ചിരിക്കുന്നത്. ജൈവവൈവിധ്യം, വംശനാശം സംഭവിക്കുന്ന മൃഗങ്ങളുടെ സാന്നിധ്യം, മേഖലയുടെ ഭൂമിശാസ്തരപരമായ പ്രത്യേകത തുടങ്ങിയ കാരണങ്ങള്‍ പരിഗണിച്ചാണ് നിര്‍ദേശം. ഈ പ്രദേശത്ത് ഖനനവും പാറമടകളും വന്‍കിട വ്യവസായങ്ങളും അനുവദിക്കില്ല.

ജലവൈദ്യുതി പദ്ധതികള്‍, വന്‍കിട ഫാമുകള്‍, തടിവ്യവസായങ്ങള്‍, ചൂളകള്‍ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. അനുവാദമില്ലാതെ മരം മുറിക്കാനും അനുവദിക്കില്ല. വീട് നിര്‍മാണത്തിനും റോഡ് വികസനത്തിനും തടസമുണ്ടാകില്ല.

കരട് വിജ്ഞാപനം അനുസരിച്ച് അമ്പൂരി, വിതുര, കള്ളിക്കാട്, ആര്യനാട് പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങള്‍ ഉണ്ടാവുക. മേഖലയില്‍ നിന്നും ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തുകള്‍ പ്രതിഷേധം ശക്തമാക്കി. അമ്പൂരി പഞ്ചായത്തില്‍ മറ്റന്നാള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

പഞ്ചായത്തുകളുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ ഈ മാസം എട്ടിന് വനംമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേരും. ഇപ്പോള്‍ പുറത്തിറങ്ങിയ കരട് വിജ്ഞാപനത്തില്‍ അറുപത് ദിവസത്തിനുള്ളില്‍ ജനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാരിനും അഭിപ്രായം അറിയിക്കാന്‍ അവസരമുണ്ട്.