Wed. Jan 22nd, 2025
തിരൂരങ്ങാടി:

കടലുണ്ടിപ്പുഴയിൽ ഇറങ്ങിയ യുവാക്കൾക്ക് തോണികൾ നിറയെ ലഭിച്ചത് മാലിന്യക്കൂമ്പാരം. കടലുണ്ടിപ്പുഴ സംരക്ഷണസമിതിയും മൂന്നിയൂർ ചുഴലി സാസ്‌കോ ഫൗണ്ടേഷനും ചേർന്നാണ് കടലുണ്ടിപ്പുഴയിൽ തോണിയിലിറങ്ങി ശുചീകരണവും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തിയത്. കടലുണ്ടിപ്പുഴയിലെ ജലനിരപ്പ് താഴ്ന്നതോടെ മാലിന്യം പലയിടങ്ങളിലും കെട്ടിക്കിടന്ന് വെള്ളം മലിനമാകുന്നുണ്ട്.

വെള്ളത്തിന് പലയിടങ്ങളിലും ദുർഗന്ധമുള്ളതായും കൊഴുപ്പ് നിറഞ്ഞ സ്ഥിതിയുള്ളതായും പ്രദേശവാസികൾ പറയുന്നു. പുഴയിലിറങ്ങി കുളിക്കുന്നതിനും അലക്കുന്നതിനും സാധ്യമാകാത്ത നിലയിലാണ് പലയിടങ്ങളിലും വെള്ളം മലിനമായിരിക്കുന്നത്. മണ്ണട്ടാംപാറ അണക്കെട്ടും കീരനല്ലൂർ തടയണകളും അടച്ചിട്ടിരിക്കുന്നതിനാൽ കടലുണ്ടിപ്പുഴയിലെ വെള്ളം കടലിലേക്കൊഴുകാതെ കെട്ടിക്കിടക്കുകയാണ്.

കഴിഞ്ഞദിവസം പുഴയിലെ മീനുകൾ ചിലയിടങ്ങളിൽ ചത്തുപൊങ്ങിയതും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യം പുഴയിൽ തള്ളുന്നത് പതിവായിരിക്കുന്നത് ആയിരക്കണക്കിന് ജനങ്ങളെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. വാഹനങ്ങളിലെത്തുന്നവർ രാത്രിയുടെ മറവിൽ പുഴയോരങ്ങളിൽ മാലിന്യം തള്ളുന്നതും പതിവാണ്.

കടലുണ്ടിപ്പുഴക്ക് കുറുകെയുള്ള പാലങ്ങൾക്ക് മുകളിൽനിന്ന് മാലിന്യം വലിച്ചെറിയുന്നതിനാലും പുഴയിൽ മാലിന്യം നിറയുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിന് പുറമെ ഭക്ഷണാവശിഷ്ടങ്ങളും ഇത്തരത്തിൽ കടലുണ്ടിപ്പുഴയിൽ തള്ളുന്നുണ്ട്. മൂന്നിയൂർ, വള്ളിക്കുന്ന്, തേഞ്ഞിപ്പലം, തിരൂരങ്ങാടി, നന്നമ്പ്ര തുടങ്ങിയ സ്ഥലങ്ങളിലെ കുടിവെള്ള പദ്ധതികൾക്കും കൃഷിക്കും ഉപകരിക്കുന്ന കടലുണ്ടിപ്പുഴയിലെ വെള്ളം മലിനമാക്കുന്നത് തടയാൻ അടിയന്തിര നടപടികൾ ഉണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.

പുഴയിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കരക്കെത്തിച്ച് സംസ്കരണത്തിനായി നൽകുകയാണ് ശനിയാഴ്ച മൂന്നിയൂരിൽ പുഴയിലിറങ്ങിയ യുവാക്കൾ ചെയ്തിരിക്കുന്നത്. പുഴ സംരക്ഷണ യജ്ഞം സാസ്‌കോ ചുഴലി നിർദേശക സമിതിയംഗം അഷ്റഫ് കളത്തിങ്ങൽപാറ ഉദ്ഘാടനം ചെയ്തു. സിഎം അലിഷാ, വിപി ചെറീത്, വിപി കമ്മുക്കുട്ടി, പിപി മജീദ്, ഹൈദ്രോസ് കെ ചുഴലി, പിവിപി. അബ്ദുൽ ജബ്ബാർ, സിഎം അബ്ദു, ഇഖ്ബാൽ ചുഴലി, സി റിയാസ് തുടങ്ങിയവർ പങ്കെടുത്തു.