Fri. Nov 22nd, 2024
കൊല്ലം:

രജിസ്ട്രേഷൻ ഫീസ് കൂട്ടിയതിന് പുറമേ ഇന്ധന വില കൂടി കുതിച്ചുയർന്നതോടെ പിടിച്ചു നിൽക്കാനാകാതെ മത്സ്യബന്ധന ബോട്ടുകൾ ആക്രിവിലയ്‌ക്ക്‌ പൊളിച്ചു വിൽക്കുന്നു. ജില്ലയിൽ രണ്ടുമാസത്തിനിടെ  300 ബോട്ടാണ്‌ പൊളിച്ചുമാറ്റിയത്‌. ഡീസലടിക്കാൻ വരുമാനമില്ലാതെ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ തുരുമ്പെടുത്ത്‌ നശിക്കും മുമ്പ്‌ കടം വീട്ടാനാണ്‌ ഉടമകളുടെ ശ്രമം.

പാലക്കാട്‌, തമിഴ്‌നാട്‌ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള ഉരുക്ക്‌ കമ്പനികൾക്കാണ്‌ ബോട്ടുകൾ പൊളിച്ചു നൽകുന്നത്‌. ആഴക്കടലിൽ പോകുന്ന 70 അടിയുള്ള ബോട്ടുകൾക്ക്‌ തുരുമ്പ്‌ കളഞ്ഞാൽ 18 – -20 ടൺ ഭാരമാണുള്ളത്‌. കിലോയ്‌ക്ക്‌ 40.50 രൂപയ്‌ക്കാണ്‌ തൂക്കി വിൽക്കുന്നത്‌.

നേരത്തെ ബോട്ട്‌ പൊളിച്ചുമാറ്റുന്ന രണ്ട്‌ യാർഡ്‌ മാത്രമായിരുന്നു ജില്ലയിലുണ്ടായിരുന്നത്‌. ഇപ്പോൾ 12എണ്ണമായി. കൊച്ചി തോപ്പുംപടിയിൽ രണ്ട്‌ യാർഡിനു പുറമെ, കോഴിക്കോട്‌, കണ്ണൂർ, ബേപ്പൂർ എന്നിവിടങ്ങളിലും  ഇത്തരം യാർഡുകൾ പ്രവർത്തനം തുടങ്ങി.

നിലവിൽ ഒരു ബോട്ടിന്‌ ആഴക്കടലിൽ പോകുന്നതിന്‌ പ്രതിദിനം 600 ലിറ്ററും തീരക്കടലിൽ പോകുന്നതിന്‌ 150 ലിറ്ററും ഡീസലാണ്‌  ആവശ്യം. കടലിൽ ഒരാഴ്‌ച തങ്ങിയുള്ള പ്രവർത്തനത്തിന്‌  കുറഞ്ഞത്‌ 3000 ലിറ്റർ വേണം. വല, റോപ്പ്‌, സ്‌പെയർപാർട്‌സ്‌ തുടങ്ങിയ അനുബന്ധ ഉപകരണങ്ങളുടെ വിലയും കുതിച്ചുയരുന്നു. 

എന്നാൽ ഇതിന്‌ ആനുപാതികമായി മത്സ്യം കിട്ടുന്നില്ല. ഒരു ബോട്ടിൽ 40 – 70 തൊഴിലാളികൾ വരെ ജോലിക്കു പോകുന്നുണ്ട്. ഒരുബോട്ട്‌ കടലിൽ ഇറങ്ങിയില്ലെങ്കിൽ ഇത്രയും കുടുംബങ്ങളാണ് പട്ടിണിയാകുന്നത്.