Fri. Nov 22nd, 2024
ന്യൂഡൽഹി:

യുക്രൈനിയൻ ജനതയുടെ കണ്ണീരിന് ഇതുവരെ അറുതിവന്നിട്ടില്ല. യുദ്ധം തകർത്തുകളഞ്ഞ മണ്ണിൽ ഇനി ബാക്കിയുള്ളത് പൊട്ടിപൊളിഞ്ഞ കെട്ടിടങ്ങളും ചോരയുടെ മണവും നിസ്സഹായതയോടെ ലോകത്തിന് മുന്നിൽ നിൽക്കുന്ന ജനങ്ങളുമാണ്. ഉറ്റവരെയും പ്രിയപെട്ടവരെയും ചേർത്ത് മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിപാർക്കുന്നവരാണ് നിരവധി പേരും.

നിരവധി രാജ്യങ്ങൾ യുക്രൈനിയൻ ജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നുണ്ട്. എന്നാൽ യുക്രൈനിയൻ അഭയാർത്ഥികൾക്കായി ഇന്ത്യൻ വിദ്യാർത്ഥി നിർമ്മിച്ച ആപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ദക്ഷലക്ഷക്കണക്കിന് ആളുകളാണ് നിരവധി സ്ഥലങ്ങളിലേക്കായി പലായനം ചെയ്തുപോയത്.

തേജസ് രവിശങ്കർ എന്ന പതിനഞ്ചുവയസുകാരൻ വിദ്യാർത്ഥിയാണ് വിവിധയിടങ്ങളിലായി അകപ്പെട്ടുപോയ യുക്രൈനിയൻ ജനതയെ ബന്ധിപ്പിക്കാൻ ഈ ആപ്പ് നിർമ്മിച്ചത്. വെറും രണ്ട് ആഴ്ച്ച കൊണ്ടാണ് ഈ പതിനഞ്ചു വയസുകാരൻ ആപ്പ് നിർമ്മിച്ച് നൽകിയത്. ‘സെക്വോയ ഇന്ത്യ’യുടെ മാനേജിംഗ് ഡയറക്ടർ ജിവി രവിശങ്കറിന്റെ മകനാണ് തേജസ് രവിശങ്കർ. സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് തേജസ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് തേജസ് ഗൂഗിൾ പ്ളേസ്റ്റോറിലെ ആപ്പിലേക്കുള്ള ലിങ്ക് ട്വീറ്റ് ചെയ്തത്. സഹായം വാഗ്ദാനം ചെയ്യുന്ന വ്യക്തികൾ സഹായം ആവശ്യമുള്ളവരുമായി ബന്ധപ്പെടുന്ന ഇടമാണ് ഇത് പ്രചരിപ്പിക്കാൻ ദയവായി റീട്വീറ്റ് ചെയ്യുക’ എന്ന കുറിപ്പോടെയാണ് തേജസ് ലിങ്ക് ട്വിറ്ററിൽ പങ്കുവെച്ചത്.