Wed. Jan 22nd, 2025
അഹമ്മദാബാദ്:

നഗരങ്ങളില്‍ കന്നുകാലികള്‍ തെരുവില്‍ അലഞ്ഞ് തിരിയുന്നത് നിയന്ത്രിക്കാന്‍ നിയമം പാസാക്കി ഗുജറാത്ത് നിയമസഭ. പൊതുവഴികളിലെ കന്നുകാലി ശല്യം ഒഴിവാക്കാനാണ് ആറുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍ ഗുജറാത്ത് നിയമസഭ പുതിയ നിയനത്തിന് അംഗീകാരം നല്‍കിയത്. പ്രതിപക്ഷം ഈ നിയമത്തെ എതിര്‍ത്ത് രംഗത്ത് എത്തി.

അനുവാദം ഇല്ലാതെ കന്നുകാലികളെ പട്ടണങ്ങളില്‍ അഴിച്ചുവിടുന്നത് ഒരു വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പുതിയ നിയമപ്രകാരം. ഗോവധം ജീവപര്യന്തം തടവിനുള്ള കുറ്റമായി നേരത്തെ ഗുജറാത്തില്‍ നിയമമുണ്ട്.

സംസ്ഥാനത്തെ എട്ടു മുനിസിപ്പൽ കോർപ്പറേഷനുകളിലും 126 മുനിസിപ്പാലിറ്റികളിലും നിയമം ബാധകമാണ്. ഇവിടങ്ങളില്‍ കന്നുകാലികള്‍ വളര്‍ത്തുന്നവര്‍ ഇനി മുതല്‍ ലൈസന്‍സ് എടുക്കണം. ഇത് പ്രകാരം ഉള്ള തിരിച്ചറിയല്‍ കാര്‍ഡ് ഒരോ കന്നുകാലിയുടെയും കഴുത്തില്‍ ഇടണം.

ലൈസൻസില്ലാത്ത കാലികളെ കണ്ടുകെട്ടും. ഉടമയ്ക്ക് ഒരുവർഷംവരെ തടവും 50,000 രൂപ പിഴയും കിട്ടും. ലൈസൻസുള്ള കാലികളെ അഴിച്ചുവിട്ടാൽ 5000 രൂപ ആദ്യതവണയും 10,000 രൂപ രണ്ടാംതവണയും പിഴ വിധിക്കും.