Fri. Apr 26th, 2024
തൃശ്ശൂര്‍:

ഇരിങ്ങാലക്കുടയിൽ പട്ടാപകൽ നടുറോഡിൽ യുവാവിന് കുത്തേറ്റു. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. സഹപാഠിയെ ശല്ല്യം ചെയ്തത് എതിര്‍ത്തതിനാണ് യുവാവിന് കുത്തേറ്റത്.

ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് ശല്ല്യപ്പെടുത്തുകയായിരുന്നു. സഹപാഠിയായ ചേലൂര്‍ സ്വദേശി ടെല്‍സന്‍ ഇത് ചോദ്യംചെയ്തു. തുടര്‍ന്ന് പ്രകോപിതരായ ബൈക്കിലുണ്ടായിരുന്ന രണ്ടുപേര്‍ യുവാവിനെ കുത്തുകയായിരുന്നു.

ആലുവ സ്വദേശി രാഹുല്‍, കാറളം സ്വദേശി ഷഹീര്‍ എന്നിവരാണ് ബൈക്കിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ രണ്ടുപേരും ബൈക്കില്‍ അതിവേഗം കടന്നുകളയാന്‍ ശ്രമിച്ചു. എന്നാല്‍ ഇവരുടെ ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.

ഈ സമയം നാട്ടുകാര്‍ പ്രതികളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.