Fri. Apr 26th, 2024
ശാസ്താംകോട്ട:

ശൂരനാട് തെക്ക് പഞ്ചായത്തിലെ മദീനമുക്ക് – പെരിയൻകാവ് റോഡ് നിർമാണത്തിൽ അഴിമതിയെന്ന് ആക്ഷേപം. ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവാക്കിയാണ് റോഡ് ടാർ ചെയ്തത്. ടാർ ഉണങ്ങും മുമ്പ് റോഡിന്‍റെ ‘പണി’ തീർന്ന അവസ്ഥയാണ്.

നിർമാണം പൂർത്തിയായ ദിവസം തന്നെ റോഡ് തകർന്നു. റോഡിൽ പല ഭാഗത്തും ടാർ ഇളകി മൺപാത തെളിഞ്ഞു കാണാവുന്ന അവസ്ഥയാണ്.
മൺപാതയിൽ ടാർ മിശ്രിതം പൂശാതെയും ആവശ്യത്തിന് ടാറും മെറ്റൽ ചിപ്സും ടാറിങ്ങിന് ഉപയോഗിക്കാതിരുന്നതുമാണ് കാരണമായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.

നാട്ടുകാർ ഏറെ പ്രതീക്ഷയോടെ നാളുകളായി കാത്തിരുന്ന റോഡിന്‍റെ നിർമാണമാണ് അവതാളത്തിലായത്. അനുവദിച്ച തുകയുടെ പകുതി പോലും ചെലവായിട്ടില്ലെന്നും ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.