Sun. May 5th, 2024

യുക്രൈനിലുണ്ടായ എല്ലാ നാശനഷ്ട്ങ്ങൾക്കും നഷ്ടപരിഹാരം നൽകുമെന്ന് വ്ളാദിമിർ സെലൻസ്കി. എല്ലാ നഗരങ്ങളും തെരുവുകയും വീടുകളും പുനഃസ്ഥാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുദ്ധം തുടങ്ങി ഒരാഴ്ചയ്ക്കുള്ളിൽ റഷ്യയുടെ പദ്ധതികൾ തകർത്തെന്നും, ആക്രമണം ശക്തമാകുമ്പോഴും റഷ്യൻ സേനയുടെ മനോവീര്യം ചോർന്നെന്നും സെലൻസ്കി പറഞ്ഞു.

ഇതിനിടെ യുക്രൈനും റഷ്യയും തമ്മിലുള്ള രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിർത്തിയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ സൈനിക പിൻമാറ്റമാണ് റഷ്യക്ക് മുന്നിൽ യുക്രൈൻ വെക്കുന്ന പ്രധാന ആവശ്യം. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങൾക്കും വഴങ്ങിക്കൊടുക്കാൻ ഒരുക്കമല്ലെന്നാണ് ചർച്ചയ്ക്കു മുൻപ് വരെ യുക്രൈന്റെ നിലപാട്. എന്നാൽ യുക്രൈനിലൂടെ കിഴക്കൻ യൂറോപ്യൻ മേഖലയിലേക്കുള്ള അമേരിക്കൻ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. 

പ്രതീക്ഷയോടെയാണ് യുക്രൈനുമായുള്ള അനുനയ ചർച്ചകൾ കാണുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളുടെയും താത്പര്യങ്ങൾ കണക്കിലെടുക്കുമെന്നും, തുല്യതയുടെ അടിസ്ഥാനത്തിലുള്ള ചർച്ചയ്ക്ക് തയ്യാറാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.  തങ്ങൾക്കെതിരായ അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കിനും ഉപരോധങ്ങൾക്കും പരിഹാരം മൂന്നാംലോക യുദ്ധമായിരിക്കുമെന്നും വിദേശകാര്യ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.