വാഷിങ്ടൺ:
യുക്രെയ്ൻ അധിനിവേശത്തിനൊരുങ്ങുന്ന റഷ്യക്കെതിരെ കടുത്ത വിയോജിപ്പും എതിർപ്പും അറിയിച്ച് ലോകരാജ്യങ്ങൾ. യു എസും ബ്രിട്ടനും യൂറോപ്യൻ യൂനിയനും കടുത്ത ഉപരോധ നടപടികളിലൂടെ പ്രതികരിച്ചപ്പോൾ മറ്റ് രാജ്യങ്ങളും എതിർപ്പുമായി രംഗത്തു വന്നു. റഷ്യയുടെ കടന്നുകയറ്റത്തിനെതിരെ മോസ്ക്കോ സ്ഥാനപതിയെ വിളിച്ചു വരുത്തിയതായി ആസ്ട്രിയൻ ചാൻസലർ കാൾ നെഹാമ്മർ പറഞ്ഞു.
യുക്രെയ്നിലെ രണ്ട് പ്രവിശ്യകളെ പുടിൻ അംഗീകരിച്ചത് അസ്വീകാര്യമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടപടിയെന്നും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു. ബാൾട്ടിക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വേനിയ എന്നിവ റഷ്യൻ നടപടിയിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു.