Sun. May 5th, 2024
മാവേലിക്കര:

നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയാകുന്നു. സാമൂഹിക വിരുദ്ധരും ലഹരി വിൽപന സംഘങ്ങളും ബസ് സ്റ്റാൻഡിൽ താവളമാക്കുന്നു. നഗരസഭ ബസ് സ്റ്റാൻഡിൽ അപകടങ്ങളും വഴക്കും പതിവായതോടെയാണു പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചത്.

ഇതിനായി ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രത്യേക മുറി ക്രമീകരിച്ചിരുന്നു. എന്നാലിപ്പോൾ മുറി പൊടി പിടിച്ചു ഉപയോഗരഹിതമായ അവസ്ഥയാണ്. ഭിത്തിയിൽ ആൽമരം വളർന്നിരിക്കുന്നു. പൊലീസ് എയ്ഡ് പോസ്റ്റ് ബോർഡ് എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന നിലയിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായി പ്രവർത്തിച്ചു തുടങ്ങിയതോടെ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളുടെ തിരക്ക് ഏറെയാണ്. വൈകുന്നേരങ്ങളിൽ കൂട്ടമായി എത്തുന്ന വിദ്യാർത്ഥികളിൽ ചിലർ പരസ്പരം വഴക്കുണ്ടാക്കുന്ന സ്ഥലമായി സ്റ്റാൻഡ് മാറിയിരിക്കുന്നു. സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടാകുന്ന ചെറിയ തർക്കങ്ങളുടെ പക തീർക്കാൻ പുറത്തു നിന്നു ആളുകളെ എത്തിച്ചു അടി ഉണ്ടാകുന്നതും പതിവാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ സ്കൂൾ വിദ്യാർഥികൾ തമ്മിൽ അടിച്ചിരുന്നു.ബസ് സ്റ്റാൻഡ് പരിസരം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വിൽപനയുടെയും ഉപയോഗത്തിന്റെയും കേന്ദ്രമായി മാറുന്നുവെന്നത് ഏറെ നാളായി ഉയരുന്ന ആക്ഷേപമാണ്. ഒന്നര മാസം മുൻപു 2 കോളജ് വിദ്യാർഥികളെ ബാഗിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു.

വിദ്യാർത്ഥികളെ കഞ്ചാവ് കടത്തിന്റെ കാരിയർമാരായി ഉപയോഗിക്കുന്ന സംഘങ്ങൾ ഇവിടം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ബസ് സ്റ്റാൻഡ് പരിസരത്തു പരസ്യ മദ്യപാനം നടത്തുന്നതു വ്യാപാരികൾക്കും ബുദ്ധിമുട്ടാകുന്നുണ്ട്. പെൺകുട്ടികളെ ശല്യം ചെയ്യുന്ന സംഘങ്ങൾ ഉൾപ്പെടെ സാമൂഹിക വിരുദ്ധരുടെ എണ്ണവും വർധിച്ചതോടെ വനിതകൾ ഉൾപ്പെടെയുള്ളവർ ബസ് കയറുന്നതിനായി സ്റ്റാൻഡ‍ിലേക്ക് എത്താതെ റോഡരികിൽ കാത്തു നിൽക്കുന്ന സാഹചര്യമാണ്.

സന്ധ്യ മയങ്ങുന്നതോടെ സ്റ്റാൻഡ് പരിസരം ലഹരി ഉപയോഗിക്കുന്ന സംഘങ്ങൾ താവളമാക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളിൽ ചിലർ സ്റ്റാൻഡിലെ കെട്ടിടങ്ങൾ കൈയ്യേറി ഉപയോഗിക്കുന്ന സ്ഥിതിയാണ്. സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിച്ചാൽ സാമൂഹിക വിരുദ്ധരെ ഒരു പരിധിവരെ ഒഴിവാക്കാനാകും. സ്റ്റാൻ‍ഡിൽ അടഞ്ഞു കിടക്കുന്ന കടമുറികൾ ലേലം വിളിച്ചു നൽകി ബസ് സ്റ്റാൻഡിനെ സജീവമാക്കാൻ നഗരസഭ അധികൃതരും നടപടി സ്വീകരിക്കണം.