Sat. Jan 18th, 2025

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ എഡിഷൻ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ലീഗ് ഘട്ടവും അഹമ്മദാബാദിൽ പ്ലേ ഓഫും സംഘടിപ്പിക്കാനാണ് ബി സി സി ഐ ആലോചിക്കുന്നത്. വ്യാഴാഴ്ച നടന്ന ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷത്തെ ഐ‌പി‌എൽ ഇന്ത്യയിൽ തന്നെ നടത്താനാണ് ബോർഡ് തീരുമാനം. രാജ്യത്തെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യം കൂടുതൽ വഷളായാൽ മാത്രമേ മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റാനുള്ള അന്തിമ തീരുമാനം ബിസിസിഐ കൈക്കൊള്ളു. നേരത്തെ ഐപിഎൽ മഹാരാഷ്ട്രയിൽ തന്നെ നടത്താനാണ് ബിസിസിഐ നോക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം, ക്രിക്കറ്റ് ക്ലബ്ബിലെ ബ്രാബോൺ സ്റ്റേഡിയം, നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയം, പുണെയ്ക്കടുത്തുള്ള ഗഹുഞ്ചെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായാണ് ഐപിഎല്ലിന്റെ വരാനിരിക്കുന്ന പതിപ്പിന്റെ ലീഗ് ഘട്ടം നടക്കുന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങൾ നടന്നേക്കും. സ്റ്റേഡിയത്തിൽ ഇരുപത്തിയഞ്ച് ശതമാനം കാണികൾക്ക് പ്രവേശന അനുമതിയുണ്ട്.