Thu. Dec 19th, 2024
മുംബൈ:

മുംബൈയിലെ കൊവിഡ് രോഗികളിൽ 89 ശതമാനം പേർക്കും ഒമിക്രോണെന്ന് സർവേ. ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) 280 സാമ്പിളുകൾ പരിശോധിച്ചതിൽ 89 ശതമാനം ഒമിക്രോണും എട്ട് ശതമാനം ഡെൽറ്റ ഡെറിവേറ്റീവുകളും മൂന്ന് ശതമാനം ഡെൽറ്റ വേരിയന്റുകളും മറ്റ് ഉപവിഭാഗങ്ങളുമാണ്.

കഴിഞ്ഞ ദിവസം പരിശോധനകൾക്കായി 373 സാമ്പിളുകളാണ് അയച്ചത്. ഇതിൽ 280 സാമ്പിളുകളും ബിഎംസി മേഖലയിൽ നിന്നുള്ളതായിരുന്നെന്ന് മുനിസിപ്പൽ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചു. 280 സാമ്പിളുകൾ പരിശോധിച്ചതിൽ 34 ശതമാനം അതായത് 96 രോഗികൾ 21 മുതൽ 40 വയസ് വരെ പ്രായമുള്ളവരാണ്.

കൊവിഡിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബിഎംസി അറിയിച്ചു. മാസ്‌കുകൾ ശരിയായി ഉപയോഗിക്കുക, സുരക്ഷിതമായ അകലം പാലിക്കുക, പതിവായി കൈകഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക എന്നിവ വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.