Fri. Nov 22nd, 2024
ബത്തേരി:

ഭയന്നുവിറച്ചെങ്കിലും, വീടിനു പിന്നിലെത്തിയ കടുവയുടെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ബിരുദ വിദ്യാർത്ഥിനി. ഒരാഴ്ചയോളമായി വീടിനടുത്ത പ്രദേശങ്ങളിൽ ഇടയ്ക്കിടെ എത്തിയിരുന്ന കടുവയുടെ ദൃശ്യങ്ങളാണ് ബത്തേരി സത്രംകുന്ന് കിഴക്കേ ചാലിൽ രാംദാസിന്റെ മകൾ ശ്രീനിത പകർത്തിയത്. കടുവ വീടിനടുത്ത് വരുന്നുണ്ടെന്ന് പല തവണ പരാതിപ്പെട്ടെങ്കിലും കടുവ ആയിരിക്കില്ലെന്ന് പലരും പറഞ്ഞപ്പോൾ തെളിവു നൽകാനാണ് അടുക്കള വാതിൽ തുറന്നിട്ട് ശ്രീനിത കടുവയുടെ ചിത്രം പകർത്തിയത്.

വിഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കാര്യത്തിന്റെ ഗൗരവം പുറംലോകം അറിഞ്ഞത്.ബത്തേരി ടൗണിനോടു ചേർന്ന സത്രം കുന്നിൽ ഒരാഴ്ചയായി സ്ഥിരം സാന്നിധ്യമാണ് കടുവ. ബത്തേരി ടൗണിൽ എകെജി റോഡിനു താഴെയാണ് രാംദാസിന്റെ വീട്.

ഒരാഴ്ചയായി പ്രദേശത്ത് കടുവയുണ്ടെന്നും കഴിഞ്ഞ 2 ദിവസങ്ങളിൽ മൂന്നു തവണ കടുവയെ കണ്ടെന്നും രാംദാസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ഏഴിനു രാംദാസിന്റെ ഭാര്യ ബിന്ദു വീട്ടുമുറ്റത്ത് നിൽക്കുമ്പോൾ തൊട്ടടുത്ത് കടുവയെത്തി. വീടിനുള്ളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.

വീണ്ടും ഉച്ചയ്ക്ക് 2 മണിക്കും കടുവ വീടിനടുത്തെത്തി. രണ്ടു തവണയും വനപാലകരും സ്ഥലത്തെത്തി. എന്നാൽ കടുവയെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും വീടിനടുത്ത് കടുവ വന്നു. രാംദാസിന്റെ മകൾ ശ്രീനിത അടുക്കള വാതിലിന്റെ പാളി തുറന്നിട്ട് കടുവയുടെ ദൃശ്യങ്ങൾ പകർത്തി.ഇത് വനപാലകർക്കും ജനപ്രതിനിധികൾക്കുമൊക്കെ നൽകി.

വനപാലകർ സ്ഥലത്തെത്തി പടക്കം പൊട്ടിച്ചും മറ്റും കടുവയെ വനത്തിലേക്ക് തുരത്തി.കടുവ ഏതെങ്കിലും ഇരജീവിയെ കൊന്നിട്ടിട്ടുണ്ടോയെന്നും വനപാലകർ പരിശോധിച്ചു. വയനാട് വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശമാണ് ഇത്. ഇനിയും കടുവയെത്തുമോയെന്ന ആശങ്കയിലാണ് രാംദാസും കുടുംബവും.