Mon. Dec 23rd, 2024
കൊച്ചി:

കടയിൽനിന്ന് ദോശ മാവു വാങ്ങുന്നവരാണ് നമ്മളിൽ മിക്കവരും. അതിൽ അനാവശ്യ വസ്തുക്കൾ വല്ലതും പെട്ടിട്ടുണ്ടെങ്കിൽ നമ്മൾ വല്ലാതെ അസ്വസ്ഥരാകും. എന്നാൽ അതൊരു സ്വർണാഭരണം ആണെങ്കിലോ? അങ്ങനെയൊരു അനുഭവമാണ് കൊച്ചിയിലെ സീരിയൽ നടി സൂര്യതാരയ്ക്കുണ്ടായത്.

കൊച്ചി ഏരൂരിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ദോശ-ഇഡ്ഢലി മാവിൽ നിന്ന് സ്വർണമൂക്കുത്തിയാണ് സൂര്യതാരയ്ക്ക് ലഭിച്ചത്. തിങ്കളാഴ്ച രാത്രി വാങ്ങിയ മാവുപയോഗിച്ച് പിറ്റേന്നാണ് ദോശയുണ്ടാക്കിയത്. കഴിക്കാനെടുക്കവെയാണ് അതിൽ മൂക്കുത്തി കണ്ടെത്തിയത്.

തൃപ്പൂണിത്തുറിയിലെ അറിയപ്പെട്ട കമ്പനിയുടേയുതാണ് ദോശമാവ്. ദോശ ഉണ്ടാക്കിയപ്പോൾ മൂക്കുത്തി ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളിൽ മൂക്കുത്തി തിളങ്ങുന്നതു കണ്ടത്. പിന്നീട് ഉരച്ച് സ്വർണം തന്നെയാണെന്ന് ബോധ്യപ്പെട്ടു. മാവ് പായ്ക്കു ചെയ്തപ്പോൾ മൂക്കുത്തി അബദ്ധത്തിൽ ഊരി വീണതാകുമെന്നാണ് കരുതപ്പെടുന്നത്.