Sat. May 11th, 2024
മുക്കം:

നഗരസഭയിലെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായ മാമ്പറ്റ അഗസ്ത്യൻമുഴി തോട് പെയിന്റ്‌ ഒഴുക്കി മലിനമാക്കി. തോട് ഇരുവഴിഞ്ഞി പുഴയോട് ചേരുന്നതിന് സമീപമാണ് പെയിന്റൊഴുക്കിയത്. ബുധൻ ഉച്ചയോടെയാണ് വെളുത്ത നിറത്തിൽ തോട് ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.

മാമ്പറ്റ ഭാഗത്തുനിന്ന് രണ്ടര കിലോമീറ്ററോളം ദൂരത്തിൽ പാലുപോലെ വെളുത്ത നിറത്തിലാണ് തോട്ടിൽ ഒരു മണിക്കൂറോളം വെള്ളമൊഴുകിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നഗരസഭാ അധികൃതർ നടത്തിയ പരിശോധനയിലാണ് തോട്ടിലേക്ക് പഴകിയ പെയിന്റ് വൻതോതിൽ ഒഴുക്കിവിട്ടതായി മനസ്സിലായത്‌. നിരവധി കുടിവെള്ള പദ്ധതികളുള്ള ഇരുവഴിഞ്ഞിപ്പുഴയിലേക്കാണ് തോട് ഒഴുകിയെത്തുന്നത്.

തോട്ടിലെ പെയിന്റ്‌ കലർന്ന ജലമെത്തി ഇരുവഴിഞ്ഞിപ്പുഴയും ഏതാനും സമയം ഇരുനിറത്തിൽ ഒഴുകി. പെയിന്റ് ഒഴുക്കിയ സ്ഥലം നഗരസഭാ അധികൃതർ കണ്ടെത്തി. സമീപവാസികളിൽനിന്ന് വിവരശേഖരണം നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നതിന് മുക്കം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.

പൊതുജനങ്ങൾക്കും പരിസ്ഥിതിക്കും ദ്രോഹംചെയ്യുന്ന ഈ പ്രവൃത്തി ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പി ടി ബാബുവും സെക്രട്ടറി എൻ കെ ഹരീഷും പറഞ്ഞു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ പ്രജിത പ്രദീപ്, വിദ്യാഭ്യസ സ്ഥിരംസമിതി അധ്യക്ഷൻ ഇ സത്യനാരായണൻ, കൗൺസിലർ പി ജോഷില, ഹെൽത്ത് ഇൻസ്പെക്ടർ റോഷൻ ലാൽ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.