Wed. Jan 22nd, 2025
പുത്തൻപീടിക:

അമൃതം കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ട് മൂടി ഒരു വർഷം കഴിഞ്ഞിട്ടും ടാറിങ് ചെയ്തില്ല, പൊടിശല്യവും രൂക്ഷം. ഇതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പുത്തൻപീടിക യൂണിറ്റിലെ വ്യാപാരികൾ ഇന്നലെ രാവിലെ 9 മുതൽ 11 വരെ കടകൾ അടച്ചിട്ട് പ്രകടനവും ധർണയും നടത്തി. ജില്ലാ സെക്രട്ടറി എൻ ആർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. നാട്ടിക മണ്ഡലം ചെയർമാൻ ഭാഗ്യനാഥൻ കണ്ണോളി അധ്യക്ഷത വഹിച്ചു.

അജയൻ മേനോത്തുപറമ്പിൽ, എ. വി. ജോയ്, ജോസ് പല്ലൻ, ബിജു അണ്ടേഴത്ത്, അനിലൻ എന്നിവർ പ്രസംഗിച്ചു. കാലാവസ്ഥ അനുകൂലമായിട്ടും പെരിങ്ങോട്ടുകര ആവണേങ്കാട് പടി മുതൽ കെ കെ മേനോൻ ഷെഡ് വരെ റോഡ് പൂർവസ്ഥിതിയിൽ ആക്കിയില്ല. ഇവിടെ പാറപ്പൊടി ഇട്ട് കുഴി അടച്ചിരിക്കുകയാണ്.

പുത്തൻപീടിക മുതൽ മുറ്റിച്ചൂർ റോഡ് വരെ വാഹനങ്ങൾ പോകുമ്പോൾ കടകളിലേക്ക് പാറപ്പൊടി അടിച്ച് കയറുകയാണ്. ഇത് മൂലം കച്ചവടം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. വ്യാപാരികളും ജീവനക്കാരും അലർജി രോഗങ്ങളാൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും എത്രയും വേഗം റോഡ് ടാർ ചെയ്തില്ലെങ്കിൽ വാഹനഗതാഗതം തടയുന്നത് ഉൾപ്പെടെയുള്ള സമര പരിപാടികൾ തുടങ്ങുമെന്ന് വ്യാപാരികൾ മുന്നറിയിപ്പു നൽകി.