Fri. Nov 22nd, 2024
ന്യൂഡൽഹി:

കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പോസിറ്റിവിറ്റി നിരക്കനുസരിച്ച് പരിശോധന കൂട്ടണമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി പ്രതിദിന രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. ഈ പ്രദേശങ്ങളിൽ ടെസ്റ്റുകളുടെ എണ്ണം കുറയുന്നു എന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. അതിനാലാണ് രോഗികളുടെ എണ്ണം കുറയുന്നതെന്നും കേന്ദ്ര സർക്കാർ വിലയിരുത്തുന്നു.

ഇതിനെത്തുടർന്നാണ് എല്ലാ സംസ്ഥാനങ്ങളോടും ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനും നിർദ്ദേശമുണ്ട്. വൈറസിന്റെ വ്യാപനം പരമാവധി തടയുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണമെന്നും കേന്ദ്രം നിർദേശിക്കുന്നു.