Mon. Dec 23rd, 2024
ശ്രീകണ്ഠപുരം:

ചെങ്ങളായി പഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളിൽ മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നടപടിയുമായി പഞ്ചായത്ത് അധികൃതർ. പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ട ഉടൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മാലിന്യം തള്ളിയ സ്ഥാപനത്തിന്റെ ലെറ്റർ പാഡ്, ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതം ക്ലാർക്ക് കെ സിജിലേഷും അസിസ്റ്റന്റ് സെക്രട്ടറി എസ് സ്മിതയും പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ സ്ഥാപന ഉടമയെയും വാഹനത്തിന്റെ ഡ്രൈവറെയും ഓഫിസിൽ വിളിച്ചു വരുത്തി 20000 രൂപ പിഴ ഈടാക്കി.മാലിന്യം തള്ളിയവരെക്കൊണ്ടു തന്നെ പ്രസ്തുത സ്ഥലത്തു നിന്നും മാലിന്യം നീക്കം ചെയ്യിച്ചു. മാലിന്യം തള്ളുന്നതിനെതിരെ കർശന നിയമ നടപടികൾ തുടരുമെന്നും വാഹനങ്ങളുടെ വിശദവിവരം ആർടിഒ, പൊലീസ് അധികൃതർക്ക് തുടർ നടപടിക്ക് കൈമാറുമെന്നും സെക്രട്ടറി കെ കെ രാജേഷ് അറിയിച്ചു.