Mon. Dec 23rd, 2024
അമൃത്സർ:

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികൾക്കായി പഞ്ചാബിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധം. ഹുസൈൻവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 15 മുതൽ 20 മിനിറ്റ് വരെ ഒരു ഫ്ലൈ ഓവറിൽ കുടുങ്ങി.

വൻസുരക്ഷാ വീഴ്ചയാണ് പഞ്ചാബ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പഞ്ചാബ് സ‍ർക്കാർ മനഃപൂർവം പ്രധാനമന്ത്രിയുടെ ഒരു പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചുവെന്നാണ് ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ ആരോപണം. എന്നാൽ ഹെലികോപ്റ്റർ മാർഗം യാത്ര ചെയ്യേണ്ടിയിരുന്ന പ്രധാനമന്ത്രി അവസാനനിമിഷം റോഡ് മാർഗം യാത്ര ചെയ്യാൻ തീരുമാനിച്ചതിനാലാണ് ആശയക്കുഴപ്പമുണ്ടായതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് രണ്ട് പരിപാടികളാണ് പ‍ഞ്ചാബിലുണ്ടായിരുന്നത്. ഹുസൈൻ വാലയിലെ ഷഹീദ് ഭഗത് സിംഗ് അടക്കമുള്ളവരുടെ രക്തസാക്ഷിമണ്ഡപത്തിലേക്കുള്ള യാത്രയായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് ഫിറോസ് പൂരിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണറാലി. പ്രധാനമന്ത്രി നരേന്ദ്രമോദി ഭട്ടിൻഡയിലാണ് വിമാനമിറങ്ങിയത്.

എന്നാൽ സ്ഥലത്ത് കനത്ത മഴയും മഞ്ഞുമുണ്ടായിരുന്നതിനാൽ ഹുസൈൻവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനായില്ല. ഹെലികോപ്റ്റർ യാത്രയ്ക്കുള്ള സാധ്യത പരിശോധിച്ച് 20 മിനിറ്റോളം പ്രധാനമന്ത്രി ഭട്ടിൻഡയിൽ കാത്തിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ഇത് ഉപേക്ഷിച്ച് റോഡ് മാർഗം പോകാൻ തീരുമാനിക്കുകയായിരുന്നു.

പ്രധാനമന്ത്രിക്ക് റോഡ് മാർഗം പോകാനാകുമോ എന്ന് എസ്പിജി സംസ്ഥാനപൊലീസിനോടും ഡിജിപിയോടും അന്വേഷിച്ചു. പോകാം എന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു. ഇരുപത് മിനിറ്റ് കൊണ്ട് ഹെലികോപ്റ്ററിൽ എത്താമായിരുന്ന യാത്ര അങ്ങനെ രണ്ട് മണിക്കൂറായി നീണ്ടു.

സാധാരണ പ്രധാനമന്ത്രിയുടെ യാത്രയ്ക്കുള്ള സുരക്ഷ ഒരുക്കുമ്പോൾ ഹെലികോപ്റ്ററിലുള്ള യാത്ര എന്തെങ്കിലും സാഹചര്യത്തിൽ മാറ്റേണ്ടി വരികയാണെങ്കിൽ റോഡിലൂടെ സുഗമമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നതാണ് സുരക്ഷാ പ്രോട്ടോക്കോൾ.