Thu. Dec 19th, 2024
ഷിയാൻ:

ചൈനയിൽ ഏറ്റവും ഒടുവിലായി കൊവിഡ് വ്യാപനം ഉണ്ടായിട്ടുള്ളത് ഷിയാൻ പ്രവിശ്യയിലാണ്. അവിടെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് സർക്കാർ അപ്രതീക്ഷിതമായി ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടതോടെ ഉടലെടുത്തിട്ടുള്ളത് കൊടിയ ഭക്ഷ്യദാരിദ്ര്യമാണ്.

നിലവിൽ ഭക്ഷണം വാങ്ങാൻ വേണ്ടി പുറത്തുപോവാൻ പോലും അവർക്ക് അനുമതിയില്ല എന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളെ വിശ്വസിച്ചാൽ, അവിടെ ഒരു കാബേജിന് പകരമായി ഒരു പാക്കറ്റ് സിഗരറ്റും, ഒരു നൂഡിൽസിന് പകരമായി വീഡിയോ ഗെയിം കൺസോളും ഒക്കെ ത്യജിക്കാൻ ആളുകൾ തയ്യാറാവുന്നുണ്ട് എന്നാണ് മനസ്സിലാക്കേണ്ടത്.

നിരവധി ചൈനീസ് പൗരന്മാർ ഇതിനോടകം തന്നെ തങ്ങളുടെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് പരാതികളുമായി സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തു വന്നുകഴിഞ്ഞു. പുറത്തേക്കിറങ്ങാൻ സർക്കാർ അനുമതി ഇല്ലാത്തതുകൊണ്ട് പട്ടിണി കിടക്കാതിരിക്കാൻ സ്വന്തം ബിൽഡിങ്ങിൽ ഉള്ളവരിൽ നിന്ന് ഭക്ഷണ സാധനങ്ങൾ വാങ്ങേണ്ട ഗതികേടാണ് പലർക്കും.

ഇങ്ങനെ വാങ്ങുമ്പോൾ പലപ്പോഴും അവർക്ക് പകരമായി കൊടുക്കേണ്ടി വരുന്നത് ഏറെ വിലപ്പെട്ട വസ്തുക്കളാണ്. കുറച്ച് അരി കിട്ടാൻ വേണ്ടി കയ്യിലുള്ള സ്മാർട്ട് ഫോൺ പോലും കൊടുക്കകൻ ആളുകൾ തയ്യാറാവുന്ന അവസ്ഥയാണ് അവിടെ.