Sat. Jan 18th, 2025
Ruchi Kumar journalist

ർഷങ്ങൾക്ക് മുൻപ് 2016-ൽ കേരളത്തിലെ ഇരുപത് യുവാക്കൾ അടങ്ങുന്ന വിഭാഗത്തോടൊപ്പം അഞ്ച് മലയാളി സ്ത്രീകൾ ഐഎസ്സിൽ ചേരാൻ അഫ്ഘാനിസ്താനിലേക്ക് പോയത് രാജ്യത്ത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. അവരിൽ ബിരുദാനന്തരബിരുദമുള്ള ഐബിഎം-ൽ ജോലിയുണ്ടായിരുന്ന എറണാകുളം ജില്ലയിലെ തമ്മനത്തിൽ നിന്ന്, മെറിൻ എന്നൊരു സ്ത്രീയും ഉണ്ടായിരുന്നു. പിന്നീട് ഇവർ അഫ്ഘാൻ ജയിലിലാണെന്ന് സ്ഥിരീകരിക്കാത്ത പല വിവരങ്ങളും ലഭിച്ചു.

ആരാണ് രുചി കുമാർ?

ഇസ്ലാം മതം സ്വീകരിച്ച് മറിയമായി മാറിയ മെറിനുമായി ആദ്യമായി അഭിമുഖം നടത്തിയ ദി നാഷനലിന്റെ വാർത്ത പുറത്തുവരുന്നതുവരെ അവരെക്കുറിച്ച് യാതൊരു സ്ഥിരീകരിച്ച വിവരങ്ങളും ലഭ്യമല്ലായിരുന്നു. അഫ്ഘാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര ഇന്ത്യൻ മാധ്യമ പ്രവർത്തകയാണ് രുചി കുമാർ. കഴിഞ്ഞ ഏഴ് വർഷത്തോളമായി അഫ്ഘാനിസ്താനിൽ നിന്നും ഇന്ത്യയ്ക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്ന രുചി കുമാർ അഫ്ഘാൻ ജയിലിലുള്ള ഐഎസി (IS) ലുണ്ടായിരുന്നവരെ നേരിട്ട് കണ്ട് റിപ്പോർട്ടുകൾ എഴുതിയിട്ടുണ്ട്. ദി ഗാർഡിയൻ (The Guardian), വാഷിംഗ്‌ടൺ പോസ്റ്റ് (Washington Post), ദി നാഷണൽ (The National), അൽ-ജസീറ (Al-Jazeera), എൻപിആർ (npr.org) തുടങ്ങി നിരവധി മാധ്യമങ്ങളിൽ അവർ വാർത്തകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ സിറ്റിസൺ ജേർണലിസം പ്ലാറ്റഫോമിന്റെ ഡിജിറ്റൽ മാനേജിങ് എഡിറ്ററായി 2014-ൽ അഫ്ഘാനിസ്താനിൽ എത്തി ഒന്നര വർഷത്തിന് ശേഷം അവർ സ്വതന്ത്ര റിപ്പോർട്ടിങ് ആരംഭിക്കുകയായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിൽനിന്ന് മനുഷ്യാവകാശത്തിൽ ബിരുദാനന്തര ബിരുദവും വികസന മേഖലയിൽ പ്രധാനമായും ബാലാവകാശവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചും വരുന്നു.

അഫ്ഘാനിസ്താനിൽ ഐഎസ്സിൽ പ്രവർത്തിക്കുമ്പോൾ പിടിയിലായ മലയാളികളെ ജയിലിൽ സന്ദർശിച്ചതിനുശേഷം വോക്ക് മലയാളത്തിന് രുചി കുമാർ നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. അഭിമുഖത്തോടോപ്പം രുചിയുടെ റിപ്പോർട്ടിൻ്റെ പ്രസക്ത ഭാഗങ്ങളും ചേർത്തിട്ടുണ്ട്.

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
“മറിയത്തോടൊപ്പം ആ പാത പിന്തുടർന്ന മറ്റ് ഏഴ് ഇന്ത്യൻ സ്ത്രീകളും അഫ്ഘാനിസ്താനിലെ ചാര ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ പിടിയിൽ കാബൂളിലെ ജയിലിൽ കഴിയുകയാണ്. നവംബർ 2019 ൽ അഫ്ഘാൻ സൈന്യം കിഴക്കൻ പ്രവിശ്യ തിരികെ പിടിച്ചതിനുശേഷം അറസ്റിലായവരാണവർ.”

അഫ്ഘാനിസ്താൻ ജയിലുള്ള ഐഎസ് വിദേശ പോരാളികളെ കാണാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കാമോ? 

2020 ജനുവരിയിൽ കൊറോണ മഹാമാരിക്കുമുൻപ് എനിക്ക് കാബൂളിലെ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുടെ കീഴിലുള്ള ഒരു ജയിൽ സന്ദർശിക്കാൻ അവസരം കിട്ടി. ഐഎസ്സിനുവേണ്ടി യുദ്ധം ചെയ്യുന്നതിനിടെ പിടിക്കപ്പെട്ട ഉസ്ബെക്കിസ്ഥാൻ‘ പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിൽനിന്നുള്ള വിദേശ പോരാളികളെ പാർപ്പിച്ചിരുന്നത് അവിടെയാണ്. ഈ വിദേശ പൗരന്മാരെല്ലാം സ്വന്തം രാജ്യംവിട്ട് അഫ്ഘാനിസ്താനിലെ ദായേഷ് അഥവാ ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേർന്നവരാണ്. ഖൊറാസാനിലെ ഇസ്ലാമിക സ്റ്റേറ്റ് എന്നത് സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഒരു വിഭാഗമാണ്. അനേകം വിദേശ പൗരന്മാർ ഈ വിഭാഗത്തിനുവേണ്ടി യുദ്ധം ചെയ്യാൻ അഫ്ഘാനിസ്താനിലേക്ക് വന്നിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള എത്ര സ്ത്രീകളെ നിങ്ങൾ ജയിലിൽ കാണാനിടയായി? 

ആ സമയത്ത് ജയിലിൽ കേരളത്തിൽനിന്നുള്ള അഞ്ച് സ്ത്രീകളാണ് ഉണ്ടായിരുന്നത്. അവർ ഭർത്താക്കന്മാരോടൊപ്പം പല രാജ്യങ്ങളിലൂടെ ഐഎസ്സിൽ ചേരാൻ അഫ്ഘാനിസ്താനിൽ എത്തിയതാണ്. എനിക്ക് തോന്നുന്നത് അതിൽ മൂന്ന് പേർ ഗർഭിണികളായിരുന്നെന്നാണ്, ചിലപ്പോൾ അതിൽ കൂടുതൽ ഉണ്ടാകാം അതിനെപ്പറ്റി ഉറപ്പില്ല.

ജയിലിനുള്ളിൽ അവരുടെ ജീവിതസാഹചര്യം എങ്ങനെയായിരുന്നു? 

അവരുടെ അവസ്ഥ അത്ര നല്ലതോ തീരെ മോശമോ ആയിരുന്നില്ല. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് അവരെ മാറ്റുന്നതുവരെ അവരെ കുട്ടികളോടൊപ്പം എൻഡിഎസ് ജയിലിൽ സ്ത്രീകളുടെ വിഭാഗത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. അവർക്ക് അവിടെ നല്ല സൗകര്യങ്ങൾ നൽകിയിരുന്നു, ഭക്ഷണം മരുന്ന് ശുചിത്വം എന്നിവയൊക്കെ അവർക്ക് ലഭ്യമാക്കിയിരുന്നു. എന്നാൽ കുട്ടികളുടെ കാര്യത്തിൽ അവർ അവിടെ ജയിലിൽ തുടരേണ്ടിവരുന്നത് ശരിയായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല.

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
മെറിൻ എപ്പോഴും വളരെ സ്നേഹവും ദൈവവിശ്വാസവുമുള്ള കുട്ടിയായിരുന്നു. ഞങ്ങൾ ഒരുമിച്ച് പള്ളിയിൽ പോകുമായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് എന്തും ചെയ്തിരുന്നത്

അഫ്ഘാനിസ്ഥാനിലേക്ക് യാത്ര ചെയ്ത സ്ത്രീകളിൽ ചിലർ ഗർഭിണികൾ ആയിരുന്നു. വിദഗ്ദ്ധരോടും ഇന്റലിജൻസ് ഉദ്യോഗസ്ഥരോടും സംസാരിച്ചതിൽനിന്ന് മനസിലായത് ഗർഭിണികളായ സ്ത്രീകൾ തീവ്രവാദ വിഭാഗങ്ങളോടൊപ്പം യാത്ര ചെയ്യുന്നത് അഫ്‌ഘാനിൽ സാധാരണമാണെന്നാണ്. കാരണം അഫ്ഘാനിസ്താനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ കുറവായതിനാൽ സ്ത്രീകളെ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ സ്ത്രീകൾ ഗർഭിണികളായിരിക്കുമ്പോൾ അഫ്ഘാനിസ്താനിലേക്ക് പോകുന്നു എന്നത് സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം കള്ളക്കടത്ത് വാഹകരായി അവരെ ഉപയോഗിക്കുന്നതാണോ എന്ന സംശയം ഉളവാക്കുന്ന ഒന്നാണ്.

എത്ര കുട്ടികളെ നിങ്ങൾ ജയിലിൽ കണ്ടിട്ടുണ്ടാവും? എന്താണ് അവരുടെ സാഹചര്യം? 

ആ സമയത്ത് ഏകദേശം പതിനഞ്ചോളം പേർ ആ ജയിലിലുണ്ടായിരുന്നു. ഈ കുട്ടികൾ അഫ്ഘാൻ പൗരന്മാരല്ല എന്നാൽ അഫ്‌ഘാനിൽ ജനിച്ച രാജ്യരഹിതരാണ്, കാരണം അവർക്ക് ഇപ്പോഴും ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല. മാതാപിതാക്കൾ ഇന്ത്യൻ വംശജരായതിനാൽ കുട്ടികളും ഇന്ത്യൻ പൗരന്മാർ തന്നെയാണ് പക്ഷേ അവർ ഇപ്പോൾ അഫ്ഘാൻ ജയിലുകളിൽ ദുരിതമനുഭവിക്കുകയാണ്.

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
കാണാതായ യുവ സംഘത്തിന് ജിഹാദിൻ്റെയും ഐഎസ്സിന്റെയും പ്രത്യയശാസ്ത്രങ്ങളെപ്പറ്റി റഷീദ് കാസർഗോഡ് വച്ച് പഠന ക്ലാസുകൾ എടുക്കാറുണ്ടായിരുന്നു. ഐഎസ്ഐഎസ് പ്രത്യയശാസ്ത്രങ്ങളും അക്രമവും പ്രചരിപ്പിക്കുന്ന വീഡിയോകൾ സംഘത്തിനെ കാണിച്ചു” റഷീദ് ഡാർക്ക് നെറ്റ് ഉപയോഗിച്ചായിരുന്നു സിറിയയിലുള്ള ഐഎസ്ഐഎസ് അംഗങ്ങളുമായി വിനിമയം നടത്തിയിരുന്നതെന്നും അതിൽ പറയുന്നു.

അഫ്ഘാൻ ജയിലിൽ ശിക്ഷ വിധിക്കപ്പെട്ട അനേകം സ്ത്രീകളോടൊപ്പം മലയാളികളായ സ്ത്രീകളുടെയും അഭിമുഖം നടത്താൻ എനിക്ക് അവസരം ലഭിച്ചു. വിദേശ പോരാളികളായ സ്ത്രീകൾക്കും അവരുടെ കുട്ടികൾക്കും നല്ല പരിചരണമാണ് ലഭിക്കുന്നതെന്നും മോശമായ പെരുമാറ്റമെന്ന് വിദേശ തടവുകാർ ആരോപിക്കാനുള്ള സാധ്യതയെപ്പറ്റി സർക്കാർ ജാഗരൂകരാണെന്നും അവർ പറഞ്ഞു. അതിനാൽ കുട്ടികൾക്ക് ഒരു പരിധിവരെ പ്രാരംഭ വിദ്യാഭ്യാസവും അതോടൊപ്പം ഭക്ഷണവും വസ്ത്രങ്ങളും ലഭിക്കുന്നുണ്ട്. അവർക്ക് അവിടെ നല്ല പരിചരണം ലഭിക്കുന്നുണ്ട് എന്നതുകൊണ്ട് അവർ അവിടെ ആയിരിക്കേണ്ടവരാണ് എന്ന് ഒരിക്കലും അർത്ഥമാക്കുന്നില്ല. ആ കുട്ടികൾ അഫ്ഘാനിസ്താനിലെ യുദ്ധമുഖത്ത് ജനിച്ചവരാണ്. അവരെ തിരികെ നാട്ടിൽ എത്തിച്ച് ബന്ധുക്കളെ ഏല്പിക്കേണ്ടതാണ്. അതാണ് ഈ പതിനഞ്ച് കുട്ടികളുടെ കാര്യത്തിൽ എനിക്ക് തോന്നുന്നത്. 

ഐഎസ്സിലെ മലയാളികളുടെ മതപരിവർത്തനത്തിന് യഥാർത്ഥത്തിൽ ലവ് ജിഹാദുമായി ബന്ധമുണ്ടോ?

ഈ വിഷയം ലവ് ജിഹാദിന്റെ കീഴിൽ വരില്ലെന്ന് ഞാൻ വിശ്വസിക്കാനുള്ള കാരണം അങ്ങനെ ചെയ്‌താൽ അത് ആ ആത്മീയ പാത സ്വീകരിച്ച് റാഡിക്കലൈസ് ചെയ്യപ്പെട്ട സ്ത്രീകളുടെ ഏജൻസിയെ സാധൂകരിക്കുന്നപോലെ ആകാൻ സാധ്യത ഉള്ളതുകൊണ്ടാണ്. റാഡിക്കലൈസേഷൻ ഒരു രീതിയിലും ലവ് ജിഹാദുമായി ബന്ധപ്പെട്ടതല്ല. ഈ സ്ത്രീകളാരും പ്രണയത്തിലകപ്പെട്ട് യുദ്ധത്തിൽ പങ്കെടുക്കാൻ പുറപ്പെടാൻ തക്കവണ്ണം ചിന്താശേഷി ഇല്ലാത്തവരല്ല.

ഈ സ്ത്രീകൾ കൃത്യമായ ബോധ്യത്തോടെ യുദ്ധത്തിന്റെ ഭാഗമായവരാണ്. അതിന്റെ കാരണം ഒരിക്കലും മതവുമായി ബന്ധപ്പെട്ടതല്ല, മതം തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടതുമല്ല, ഇവർ ഭർത്താക്കന്മാരാൽ മതപരിവർത്തനം ചെയ്യപ്പെട്ടവരുമല്ല. മറിച്ച് ഈ സ്ത്രീകളും അവരുടെ ഭർത്താക്കന്മാരും ഒരുമിച്ച് മതപരിവർത്തനം നടത്തുകയും ആ മതത്തിലുള്ള അവരുടെ അറിവില്ലായ്മകൾ റാഡിക്കലൈസേഷന് വഴിയൊരുക്കുകയുമാണ് ചെയ്തത്. ഇസ്‌ലാമിലേക്ക് മതം മാറാതെതന്നെ റാഡിക്കലൈസേഷന് വിധേയപ്പെടാൻ സാധ്യതയുള്ളവർ തന്നെയായിരുന്നു അവർ. അവരുടെ ആത്മീയ ആഭിമുഖ്യമാണ് അവർ റാഡിക്കലൈസ് ചെയ്യപ്പെടാൻ കാരണമെന്ന് ഞാൻ വിശ്വസിക്കില്ല. പകരം അവരുടെ ഉള്ളിലുള്ള റാഡിക്കൽ പ്രവണതയുടെ തെളിവാണ് അവർ യുദ്ധത്തിന്റെ ഭാഗമാകാൻ കാരണം.

ക്രിസ്ത്യൻ, ഹിന്ദു വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മത പരിവർത്തനത്തിനു വിധേയമാക്കുന്നു എന്ന ഒരു വിവാദം കേരളത്തിലുണ്ട്. അതിനെപ്പറ്റി നിങ്ങൾക്ക് എന്താണ് തോന്നുന്നത്? 

ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും എന്ന് ഞാൻ ഒരിക്കലും പറയില്ല, കാരണം ഏജൻസിയിലെ ആവശ്യങ്ങൾക്കൊക്കെ അവർ പോകേണ്ടി വന്നതാണ്. അവർ മതപരിവർത്തനം നടത്താൻ തീരുമാനിച്ചതും സ്വമനസ്സാലെയാണ് മാത്രമല്ല ഇവർ ബുദ്ധിയുള്ള സ്ത്രീകൾ തന്നെയാണ്. സ്വന്തം ആത്മീയ ആവശ്യങ്ങൾക്കായി തീരുമാനങ്ങൾ എടുത്തവരാണവർ. അവരുടെ അറിവില്ലായ്മയെ ചൂഷണവും ദുരുപയോഗവും ചെയ്ത് റാഡിക്കലൈസ് ചെയ്തു എന്നുള്ളത് മറ്റൊരു വിഷയമാണ്. എനിക്കുകിട്ടിയ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വിഷയങ്ങൾ അവരുമായി ഞാൻ സംസാരിച്ചിരുന്നു.

എനിക്ക് മനസ്സിലായിടത്തോളം ഐഎസ്ഐഎസിലുള്ള പ്രവർത്തന കാലയളവിൽ സ്വന്തം പ്രവർത്തിയെ പല സന്ദർഭങ്ങളിലും അവർ സ്വയം ചോദ്യം ചെയ്തിരുന്നു. ഈ സ്ത്രീകൾ ഇപ്പോഴും ഇസ്‌ലാം മതം ആചരിക്കുന്നവരാണ്. അവർ അവരുടെ കുട്ടികളെ വളർത്തുന്നതും മുസ്ലീമായിത്തന്നെയാണ്. അതിനാൽ അവരുടെ ഈ പരിവർത്തനവും മതാചാരവും സ്വന്തം തീരുമാനത്തിലുള്ളതും മറ്റ് ദുരുദ്ദേശങ്ങളൊന്നും ഇല്ലാത്തതാണെന്നും ഞാൻ പറയും. പരിവർത്തനപ്പെട്ട മതത്തെപ്പറ്റിയുള്ള അറിവ് അവർക്ക് വളരെ കുറവായിരുന്നെന്നുള്ളത് ശരിയാണ്. അത് വളരെ വ്യക്തമാണ് കാരണം, അമുസ്ലീമായ എനിക്ക് ആ മതത്തെപ്പറ്റി അവരെക്കാൾ അറിവുണ്ട്. 

സത്യത്തിൽ അവർക്ക് എന്താണ് വേണ്ടതെന്നുള്ള അറിവും ബോധ്യവും ഇല്ലാത്തതിനെ ചൂഷണം ചെയ്താണ് അവരെ റാഡിക്കലൈസ് ചെയ്തിട്ടുള്ളത് എന്ന് വളരെ വ്യക്തമാണ്. എനിക്ക് തോന്നുന്നത് റാഡിക്കലൈസേഷനും മതപരിവർത്തനവും രണ്ടും രണ്ടായി ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളാണെന്നാണ്. കാരണം മതപരിവർത്തനം എന്നത് അവരുടെ വ്യക്തിപരമായ തീരുമാനവും അവർക്ക് അതിൽ പൂർണ അവകാശമുള്ളതുമാണ്. നേരെ മറിച്ച് റാഡിക്കലൈസേഷൻ എന്നത് മറ്റുള്ളവരെ വേദനിപ്പിക്കുന്നതാണ്. 

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
ഒപ്പമുള്ള പതിനഞ്ച് കുട്ടികളുമായി സ്ത്രീകൾക്ക് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹമുണ്ടെന്ന് മറിയം പറഞ്ഞു. പക്ഷേ അവർക്കെതിരെ ഭീകര സംഘടനയെ അനുകൂലിച്ചതിനും ക്രിമിനൽ ഗൂഡാലോചനയ്ക്കും ഇന്ത്യൻ ഗവണ്മെന്റ് അടക്കമുള്ള ഏഷ്യൻ ശക്തികൾക്കെതിരെ യുദ്ധം ചെയ്തതിനും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്.

കേരളം പോലൊരു സെക്കുലർ സംസ്ഥാനത്തുനിന്ന് ഐഎസ്സ് പോലെയുള്ള തീവ്ര മതസംഘടനകളിലേക്ക് ആളുകൾ പോകുന്ന സാഹചര്യത്തെ എങ്ങനെ വിലയിരുത്തുന്നു?

റാഡിക്കലൈസേഷന്റെ വലിയൊരു ഉദ്ദേശം എന്ന് പറയുന്നത് അവർ മുസ്ലിം ആണെന്ന് അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. അവർ അനുഭവിക്കുന്ന ദുരിതം ഇന്ത്യയിൽ മുസ്ലിങ്ങൾ അനുഭവിക്കുന്നതുപോലെയേ ഉള്ളു എന്നും ഇന്ത്യയിലെ മുസ്ലിങ്ങൾ അനുഭവിക്കുന്ന അടിച്ചമർത്തലും വിവേചനവും അവർക്കും ബാധകമാണെന്നും അതിനെ പ്രതിരോധിക്കുക എന്നത് അവരുടെ ഉത്തരവാദിത്തമാണെന്നും അവരെ വിശ്വസിപ്പിക്കുകയുമാണ് ചെയ്യുന്നത്. അവരെ സംബന്ധിച്ചിടത്തോളം അഫ്ഘാനിസ്താനിലേക്കുള്ള വരവ് അതിനാൽ അനീതിക്കെതിരെയുള്ള യുദ്ധമാണ്‌. ഇസ്‌ലാമിക ജീവിതത്തിന്റെ അന്വേഷണത്തിലായിരുന്നു അവരെന്നും ഇന്ത്യയിൽ മുസ്ലീങ്ങൾ അടിച്ചമർത്തൽ നേരിടുന്നതിനാൽ അവിടെ അതിന് കഴിയുന്നില്ലായിരുന്നെന്നുമാണ് അവർ പറയുന്നത്.

മെറിന്റെ കാര്യത്തിൽ മതപരിവർത്തനപ്പെട്ടതും, സ്വന്തം ഭർത്താവിനോടൊപ്പമായിരിക്കണമെന്നുള്ള അവളുടെ ആവശ്യവുമാണ് ഇതിൽ വലിയ ഘടകങ്ങൾ. മെറിൻ ഇസ്ലാമിലേക്ക് ആകൃഷ്ടയായിരുന്നു, അവളുടെ ഭർത്താവിനൊപ്പം ആയിരിക്കണമെന്നുള്ള ആഗ്രഹം അവൾക്കുണ്ടായിരുന്നു കൂടാതെ അവർ രണ്ടുപേരും ഒരേ ആത്മീയ പാതയിലൂടെ നീങ്ങണമെന്നുള്ളതും അവൾ പ്രാധാന്യം നൽകിയിരുന്നതാണ്. അതിനുവേണ്ടിയാണ് അവൾ മതപരിവർത്തനം നടത്തിയത്. പിന്നീട് അവർ അഫ്ഘാനിസ്താനിൽ ആയിരുന്ന സമയത്ത്, ഒരു യുദ്ധത്തിൽ അവളുടെ ഭര്ത്താവ് മരിച്ചു. ശേഷം കേരളത്തിൽ നിന്നുതന്നെയുള്ള മറ്റൊരു ഐഎസ് പോരാളിയെ തന്നെ അവൾ വിവാഹം കഴിച്ചു. 

ഞാൻ അവളോട് ചോദിച്ചു “നിനക്ക് എങ്ങനെ ഇതുമായി പൊരുത്തപ്പെടാൻ സാധിക്കുന്നു? അഫ്ഘാനിസ്താനിലേക്കുള്ള നിന്റെ യാത്ര തന്നെ നിനക്ക് നഷ്ടപ്പെട്ട ഭർത്താവിനോടോപ്പം ആയിരിക്കുവാനായിരുന്നില്ലേ?” പക്ഷേ എല്ലാം അങ്ങനെയൊക്കെയാണ് എന്ന മറുപടിയാണ് അവൾ എനിക്ക് തന്നത്. അവൾ അവളുടെ വിധിയെ സ്വീകരിച്ചിരുന്നു. കാരണം വിധിയെ സ്വീകരിക്കാൻ തക്കവണ്ണം അവളെ പ്രാപ്തയാക്കിയിരുന്നു. അപ്പോൾ യഥാർത്ഥത്തിൽ അവരുടെ ഇടയിൽ സ്നേഹം ഉണ്ടായിരുന്നില്ല. അവൾക്കൊരു ഉത്തരവാദിത്തമാണുള്ളത്, അത് പോരാളികളിലൊരാളുടെ കർത്തവ്യബോധമുള്ള ഭാര്യയായിരിക്കുകയും കുട്ടികളെ വളർത്തുക എന്നതുമാണെന്ന് അവർ അവളെ വിശ്വസിപ്പിച്ചിരുന്നു. അതിനാൽ എനിക്ക് തോന്നുന്നില്ല അത് ലവ് ജിഹാദായിരുന്നെന്ന് അവളുടെ ഭർത്താവും മുസ്ലീം ആയിരുന്നില്ല പരിവർത്തനം ചെയ്യപ്പെട്ട ആളായിരുന്നു.

ഒരു യുദ്ധത്തിന്റെ ഭാഗമാകാനാണ് പോകുന്നതെന്ന് അവർക്ക് അറിയുമായിരുന്നില്ലേ? സമാധാനപരമായ ജീവിതം വിട്ട് അതിന്റെ ഭാഗമാകാൻ അവരെ പ്രേരിപ്പിച്ചതെന്താവും?

എന്തുകൊണ്ടാണ്‌ ഈ വിഭാഗത്തോടൊപ്പം ചേർന്ന് അഫ്ഘാനിസ്താനിലേക്ക് വരാൻ തീരുമാനാമെടുത്തതെന്ന് ഞാൻ മെറിനോട് ചോദിച്ചിരുന്നു. അതിനവർ മറുപടി പറഞ്ഞത് ഈ വിഭാഗം ഇത്ര ക്രൂരർ ആണെന്ന് അറിയില്ലായിരുന്നെന്നാണ്. പക്ഷേ അത് കള്ളമാണെന്ന് എനിക്കറിയാം കാരണം അതിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്. ക്രൂരകൃത്യങ്ങൾ അറിഞ്ഞതിനുശേഷവും നിങ്ങൾ അവിടെ തന്നെ തുടർന്നല്ലോ എന്ന എന്റെ ചോദ്യത്തിനോടുള്ള അവരുടെ പ്രതികരണം “ഞങ്ങൾക്ക് ക്രൂരകൃത്യങ്ങളെപ്പറ്റി അറിവില്ലായിരുന്നു, ഞങ്ങൾ ഒരു ഇസ്‌ലാമിക ജീവിതം നയിക്കാനാണ് വന്നത്,” എന്നായിരുന്നു. 

ആ സമയം എന്റെ അടുത്ത് നിന്നിരുന്ന അഫ്ഘാൻ പോലീസ് ഉദ്യോഗസ്ഥൻ അത് കേട്ടിട്ട് അവരോട് ചോദിച്ചു “നിങ്ങൾ അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് സൗദി അറേബ്യയിലേക്ക് പോകാതിരുന്നത്? എന്തിനാണ് ഞങ്ങളുടെ ആളുകളെ ദ്രോഹിക്കാൻ നിങ്ങൾ അഫ്ഘാനിസ്താനിലേക്ക് വന്നത്?” അത് വളരെ പ്രസക്തമായ ഒരു ചോദ്യമായിരുന്നു കാരണം അവരും അവരുടെ ഭർത്താവും അഫ്‌ഗാനിസ്താനിൽ ഉൾപ്പെട്ട അക്രമങ്ങളിൽ അവർ സഹോദരന്മാരായി കാണുന്നവരെന്ന് നാം കരുതിയിരുന്ന നിരപരാധികളായ വളരെ അധികം മുസ്ലീം ജീവനുകളാണ് പൊലിഞ്ഞത്. ആ ചോദ്യത്തിന് അവർക്ക് മറുപടി ഇല്ലായിരുന്നു.

“ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് നിങ്ങൾക്കറിയില്ലേ?” എന്ന് ഉദ്യോഗസ്ഥയോടും എനിക്ക് നേരെ തിരിഞ്ഞുകൊണ്ട് “നിങ്ങൾക്കറിയില്ലേ അഫ്ഘാൻ സ്ത്രീകൾക്ക് അഭിപ്രായ സ്വാതന്ത്ര്യം കുറവാണെന്ന്‌,” എന്നും പറഞ്ഞു.

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
ജനുവരിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ അവരെ സന്ദർശിച്ചിരുന്നെന്നും അതിനുശേഷം ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും മറിയം പറഞ്ഞു. അതിനെ സംബന്ധിച്ച് ‘ദി നാഷണൽ’ നടത്തിയ ചോദ്യങ്ങൾക്ക് എംബസി ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല . എൻഐഎയുടെ വെബ്സൈറ്റിലെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇപ്പോഴും അവർ ‘ഒളിവിൽ’ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മറ്റൊരു അവസരത്തിൽ ഇസ്‌ലാമിക് സ്റ്റേറ്റിന് കീഴിൽ സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയും ഞാൻ അവരോട് സംസാരിച്ചു. അതിനിടെ ഞാൻ അവരോട് നിങ്ങൾക്കറിയില്ലായിരുന്നോ നിങ്ങൾ യുദ്ധം ചെയ്യുകയാണ് എന്ന് ചോദിച്ചപ്പോൾ വളരെ രസകരമായ ഒരു സംഭവം ഉണ്ടായി. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് അവർ മുൻപ് പറഞ്ഞപ്പോൾ അത് ഞാൻ നിഷേധിച്ചിരുന്നു.

ഞാൻ അവരോട് പറഞ്ഞു, “നിങ്ങളുടെ ചുറ്റും നോക്കൂ ഈ മുസ്ലീം വനിതാ പോലീസ് ഉദ്യോഗസ്ഥർ അവരുടെ രാജ്യത്തിനുവേണ്ടി പോരാടുകയാണ്. ഈ ധൈര്യശാലികളായ സ്ത്രീകൾ രാജ്യത്തിനുവേണ്ടി പോരാടുവാൻ സാമൂഹിക നിയമങ്ങളെ എതിർക്കുന്നത് നിങ്ങൾ നോക്കു. അവർ സ്വന്തം അവകാശങ്ങൾക്കായി പോരാടി അവ നേടിയെടുത്തു എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ? അവരുടെ അവകാശങ്ങൾക്കായി പോരാടിയതുകൊണ്ട് അവർ മുസ്ലീം അല്ല എന്ന് നിങ്ങൾ കരുതുന്നുണ്ടോ?”

അതിനവർക്ക് യാതൊരു ഉത്തരവും പറയാൻ ഉണ്ടായിരുന്നില്ല, എന്റെ സമീപം നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥ ഇതുകേട്ട് ചിരിക്കുകയും ചെയ്തു. എനിക്ക് തോന്നുന്നത് ജീവിതത്തിലെ അവരുടെ ലക്ഷ്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളിൽ അവർക്ക് വളരെ അധികം തെറ്റിദ്ധാരണകൾ ഉണ്ടായിട്ടുണ്ടെന്നും അവർ അഫ്‌ഗാനിസ്താനിൽ യുദ്ധത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ മുൻപുണ്ടായിരുന്ന കാഴ്ചപ്പാടുകളായിരുന്നില്ലെന്ന് ഉറപ്പാണ്.

തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട അഫ്ഘാൻ അതിർത്തി കടക്കുന്ന സ്ത്രീകൾ പലപ്പോഴും ഏഴ് മാസമെങ്കിലും ഗര്ഭിണികളായിരിക്കും എന്നതിന് എന്താണ് കാരണം? 

ഈ സ്തീകളൊക്കെ അവരുടെ ഗർഭകാലത്താണ് ഈ യാത്രകൾ നടത്തിയിരുന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇറാൻ, അഫ്ഘാൻ പോലുള്ള രാജ്യങ്ങളിൽ സ്ത്രീകളെ ശാരീരികമായി സുരക്ഷാ പരിശോധനക്ക് വിധേയമാക്കുക എന്നത് ബുദ്ധിമുട്ടാണ്. കാരണം അവിടെ വനിതാ പോലീസ് ഉദ്യോഗസ്ഥർ കുറവാണ്, മാത്രവുമല്ല അവരുടെ സംസ്കാരം അനുസരിച്ച് പുരുഷന്മാർ സ്ത്രീകളെ പരിശോധിക്കുകയുമില്ല. കൂടാതെ സ്ത്രീകൾ അബ്ബയ (പർദ്ദ) കൊണ്ട് ശരീരം മുഴുവൻ മറച്ചിരിക്കും. 

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
മെറിന്റെ രണ്ടാം ഭർത്താവ് അബ്ദുൽ റഷീദ് എന്ന ആൾ ഇന്ത്യയിൽ നിന്നുള്ള അംഗവും ജയിലിൽ മറിയത്തോടൊപ്പമുള്ള ആയിഷ എന്ന സോണിയ സെബാസ്റ്റ്യനുമായി മുൻപേ വിവാഹിതനുമാണ്. എൻഐഎ സമർപ്പിച്ച കുറ്റപത്രം പ്രകാരം ഈ സംഘത്തിന്റെ റാഡിക്കലൈസേഷനിലും ഐഎസ് അംഗത്വത്തിലും റഷീദ് മുഖ്യ പങ്ക് വഹിച്ചു എന്നാണ്.

ഗർഭിണിയായതുകൊണ്ട് അവരെ അബ്ബയ ധരിപ്പിച്ച് കള്ളക്കടത്തിനായി ഉപയോഗിക്കും. ബുർഖക്കുള്ളിൽ പണം അനധികൃതമായി കടത്തുന്നതിനിടെ വിദേശ വനിതകൾ അഫ്ഘാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാവുന്നത് അസാധാരണമായ ഒരു സംഭവമല്ലവിടെ. ബുർഖ ഉപയോഗിച്ച സ്ത്രീയെന്ന വ്യാജേന ഇത്തരം ശ്രമം നടത്തി പുരുഷന്മാരും അവരുടെ പിടിയിലായിട്ടുണ്ട്. കള്ളക്കടത്തിന് ഗർഭിണികളായ സ്ത്രീകളെ ഉപയോഗിക്കുന്നതാണ് തീർച്ചയായും എളുപ്പമുള്ള മാർഗം. അതുകൊണ്ട് ഗർഭിണി ആയിരിക്കുന്ന അവസ്ഥയിൽ ആ സ്ത്രീകൾ യാത്ര ചെയ്യാനുണ്ടായ സാഹചര്യത്തെപ്പറ്റിയുള്ള ഒരു കണ്ടെത്തൽ ഇതാണ്. 

ഐഎസിൽ ചേർന്നവരും ശ്രീലങ്കയുമായുള്ള ബന്ധം എന്താണ് ? ശ്രീലങ്കയിൽ നടന്ന ബോംബ് സ്ഫോടനവുമായി അതിന് ബന്ധമുണ്ടോ?

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
2016 ഏപ്രിൽ 16-ന് നിമിഷ വീട്ടിൽ വന്ന് ബ്രെക്സിന്റെ പിതാവ് നൽകിയ പണവുമായി ശ്രീലങ്കയിൽ കാർപെറ്റ് കച്ചവടം തുടങ്ങാൻ പോവുകയാണെന്ന് ഞങ്ങളോട് പറഞ്ഞു. മകളെ അവസാനമായി നേരിൽ കണ്ട സാഹചര്യം ഓർത്തെടുത്ത് ബിന്ദു പറഞ്ഞു. “അവൾ ബുർഖയാണ് ധരിച്ചിരുന്നത് ഏഴുമാസം ഗർഭിണിയുമായിരുന്നു.”

ഇതിൽ ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്നുവച്ചാൽ ശ്രീലങ്കയിലേക്ക് പോയതിനുശേഷമാണ് ഇവരെല്ലാവരും അഫ്ഘാനിസ്താനിലേക്ക് വന്നത്. ഇതൊക്കെ നടക്കുന്ന സമയം വളരെ സംശയം ജനിപ്പിക്കുന്നതാണ്, കാരണം ഇവരുടെ സന്ദർശനത്തിന് ശേഷം ഒരു വർഷം കഴിഞ്ഞപ്പോഴാണ് ശ്രീലങ്കയിൽ ബോംബാക്രമണം നടന്നത്. അവർ ഇന്ത്യ വിട്ട് നേരെ വന്നത് ശ്രീലങ്കയിലേക്കാണ്. ശ്രീലങ്കയിൽ കാർപെറ്റ് ബിസിനസ് തുടങ്ങാനെന്ന് മാതാപിതാക്കളോട് പറഞ്ഞ് അതിനു വേണ്ട പണവും എടുത്താണ് അവർ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്. പക്ഷേ അങ്ങനെ പോയവർ പോയത് തന്നെയായിരുന്നു. അതിനുശേഷം അവർ അഫ്‌ഗാനിസ്താനിൽ പിടിലാവുകയും ചെയ്തു. സത്യത്തിൽ വളരെയധികം ഇന്റലിജൻസ് വിവരങ്ങൾ ലഭ്യമാണെങ്കിലും ശ്രീലങ്കൻ സംഭവങ്ങൾ വളരെ ദുരൂഹമാണ്. ഇപ്പോഴും അവയെല്ലാം അനുമാനവും സിദ്ധാന്തവുമൊക്കെയായി തുടരുകയാണ്. എങ്കിലും സമയവും സന്ദർഭവുമൊക്കെ വച്ച് നോക്കുമ്പോൾ ആ സിദ്ധാന്തത്തിനു പല വശങ്ങളുണ്ടെന്ന് തീർച്ചയാണ്. 

ഈ തടവുകാരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുവാൻ എന്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടുണ്ടോ? തടവിലുള്ളവർ അങ്ങനെയൊരു ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടോ?

എനിക്ക് അതിനെപ്പറ്റി കൃത്യതയില്ല, പരസ്പര വിരുദ്ധമായ വിവരങ്ങളാണ് എനിക്ക് ലഭിക്കുന്നത്. അഫ്ഘാനിൽ നിന്ന് ലഭിച്ച വിവരങ്ങൾ അവർ പോയെന്നും ഇന്ത്യയിലേക്കുള്ള യാത്രയിലാണവരെന്നുമാണ്. എന്നാൽ അങ്ങനെ അല്ല എന്ന് ഞാൻ അറിഞ്ഞു. മറ്റു പല വഴിയിലൂടെയും ഞാൻ അറിഞ്ഞത് സുരക്ഷ കണക്കിലെടുത്ത് ഇന്ത്യൻ ഗവൺമെന്റിനു അവരെ തിരികെ കൊണ്ടുവരാൻ താല്പര്യമില്ല എന്നാണ്. എന്നാൽ അതൊരു നല്ല കാരണമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. 

കുട്ടികളെ തിരിച്ച് കൊണ്ടുപോകണം എന്നാണു എനിക്ക് പറയാനുള്ളത്. അതുവഴി അവർക്ക് അവരുടെ കുടുംബത്തോടൊപ്പം, പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കുവാനും ജയിലിൽ നിന്ന് വിഭിന്നമായി സ്നേഹമുള്ള വീടുകളിൽ വളരാൻ അവർക്ക് അവസരമുണ്ടാവുകയും ചെയ്യും. മറ്റൊരു വശത്ത് ഈ സ്ത്രീകളെ ഇന്ത്യയിൽ തന്നെ വിചാരണ നടത്തേണ്ടത് അനിവാര്യമാണ്. കാരണം റാഡിക്കലൈസ് ചെയ്യപ്പെട്ട യുവാക്കളെ വിചാരണചെയ്യാൻ തക്കവണ്ണം ഇന്ത്യൻ നിയമ സംവിധാനത്തെ പരിവർത്തനപ്പെടുത്തുന്നതിന്റെ തുടക്കമായി ഇതിനെ കണക്കാക്കണം. 

നമ്മുടെ ഭരണഘടനാ നിയമങ്ങളും ക്രിമിനൽ നിയമങ്ങളും അത്തരത്തിലൊരു വിചാരണ നടത്തി നീതി നടപ്പിലാക്കാൻ മാത്രം ശക്തമാണ്, അതാണിവിടെ ചെയ്യേണ്ടതും. അവരെ നാം അഫ്ഘാനിസ്താനിൽ ഉപേക്ഷിക്കുന്നതുവഴി നമുക്കുണ്ടായ ഒരു പ്രശ്നത്തെ അഫ്ഘാൻ സർക്കാർ ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നതുപോലെയാണ്. അഫ്‌ഘാന് അവരുടേതായ നിയമങ്ങൾ ഉപയോഗിച്ച് അവരെ വിചാരണ ചെയ്യാമെന്നിരുന്നാലും ആ സർക്കാരിന് അവിടെ വളരെ അധികം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കിടപ്പുണ്ട്.

രുചി കുമാറിൻ്റെ ലേഖനത്തിലെ വരികൾ
തന്റെ മകളും അവളോടൊപ്പം അഫ്ഘാനിസ്താനിൽ പോയവരും ആ ഗ്രൂപ്പിൽ ചേരാൻ വേണ്ടി വശീകരിക്കപ്പെട്ടതാണെന്നാണ് മറിയത്തിന്റെ അമ്മ മിനി ജേക്കബ് വിശ്വസിക്കുന്നത്. ‘മുസ്ലീമുകൾക്കായുള്ള പറുദീസ എന്ന വാഗ്ദാനത്തിൽ അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണ്,’ എറണാകുളത്തെ വീട്ടിലിരുന്ന് മിനി ജേക്കബ് ദി നാഷനലിനോട് പറഞ്ഞു.  സംസാരത്തിനിടെ കാഴ്ചയിൽ ദുർബലയും ക്ഷീണിതയുമായ മിനിയെ കാബൂളിൽ ജയിലിൽ തന്നെ കഴിയുന്ന നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ മക്കളെ തിരികെ കൊണ്ടുവരാനുള്ള പോരാട്ടത്തിനിടെ ഈ രണ്ട് അമ്മമാർക്കിടയിൽ ശക്തമായ ഒരു ബന്ധം രൂപപ്പെട്ടിട്ടുണ്ട്.

അവസാനമായി ഞാൻ എടുത്ത് പറയുന്നത് ഈ സ്ത്രീകളെ തിരികെ രാജ്യത്തേക്ക് കൊണ്ട് വരാൻ ഇന്ത്യക്കാർ പ്രചാരണം നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്നാണ്. ഭരണകൂടത്തിനെതിരെ കുറ്റകൃത്യങ്ങൾ ചെയ്ത അവർ ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ ഇന്ത്യയിൽ വിചാരണ നേരിടണം. 

എനിക്കറിയാം ആ സ്ത്രീകൾ അവിടെ ജയിലിൽതന്നെ കിടന്ന് നരകിക്കട്ടെ എന്ന് പറയുന്ന രീതിയിലുള്ള വികാരമുള്ളവർ ഉണ്ടെന്ന്. ഞാൻ ആ വികാരം മനസിലാക്കുന്നു പക്ഷേ ഒരു ശരിയായ പരിഷ്‌കൃത സമീപനം അങ്ങനെയാണെന്ന് ഞാൻ വിശ്വസിക്കില്ല. നമ്മളൊരു പരിഷ്കൃത ജനാധിപത്യമാണ്. നാം ആ സ്ത്രീകളെ തിരികെ കൊണ്ടുവരിക തന്നെ ചെയ്യണം. അവർ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് ഉത്തരം നല്കാൻ ബാധ്യസ്ഥരാണ്. 

റാഡിക്കലൈസേഷൻ എന്ന വിഷയത്തെ എങ്ങനെ നിയമസംവിധാനത്തിൽ കൈകാര്യം ചെയ്യണമെന്ന് നാം കണ്ടെത്തേണ്ടതുണ്ട്. കാരണം ഇത് ഒരു അസാധാരണ സംഭവമായി തുടരാൻ സാധ്യത ഇല്ല. ഇപ്പോൾ നമ്മളെങ്ങനെ പരിഷ്‌കൃതമായ രീതിയിൽ ഈ വിഷയത്തെ നേരിടാമെന്ന് ചിന്തിച്ചില്ലെങ്കിൽ, ഭാവിയിൽ ഇന്ത്യ അഭിമുഖീകരിക്കാൻ പോകുന്ന ഒരു വലിയ പ്രശ്നമായിരിക്കും റാഡിക്കലൈസേഷൻ.

Details:

Ruchi Kumar

Twitter profile