important supreme court judgements 2021
Reading Time: 9 minutes

2021ലെ പരമോന്നത നീതിപീഠത്തിലെ വിധികൾ രാജ്യത്തെ ഓരോ പൗരനേയും ബാധിക്കുന്നു. അവയിൽ നിന്ന് പന്ത്രണ്ട് സുപ്രധാന വിധികളാണ് വോക്ക് മലയാളം ടീം തിരഞ്ഞെടുത്തത്. വിശദമായി വായിക്കാം.

1. ഫെബ്രുവരി 8, 2021

 പ്രായപൂർത്തിയായവർക്ക് വിവാഹം കഴിക്കാൻ കുടുംബത്തിന്റെ അനുമതി ആവശ്യമില്ല  

പ്രായപൂർത്തിയായ രണ്ടുപേർ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ അനുമതിയുടെ ആവശ്യമില്ല എന്ന് സുപ്രീം കോടതി ജസ്റ്റിസ്മാരായ  സഞ്ജയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച് വിധിച്ചു. 

പെൺകുട്ടിയെ കാൺമാനില്ലെന്ന അച്ഛന്റെ പരാതിയിന്മേൽ പോലീസ് നടപടിക്കെതിരെ പെൺകുട്ടി നൽകിയ കേസിലാണ് സുപ്രധാനമായ ഈ വിധി. അച്ഛന്റെ പരാതിയിന്മേൽ പെൺകുട്ടിയോട് പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകാൻ ആവശ്യപ്പെട്ടിരുന്നു. 

സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ ഭർത്താവിനെതിരെ തട്ടിക്കൊണ്ട് പോകൽ വകുപ്പ് ചുമത്തി കേസെടുക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി പരാതിപ്പെട്ടു.

സ്വന്തം തീരുമാനപ്രകാരം ഒരാളെ വിവാഹം കഴിക്കുന്നതിൽ സാമൂഹിക ചിന്തയുടെയോ ജാതി ബഹുമതിയുടെയോ ഇടപെടീലിന്റെ ആവശ്യമില്ലെന്നും പോലീസ് ഉദ്യോഗസ്ഥർക്ക് ഇതുപോലെയുള്ള സെൻസിറ്റീവ് കേസ് കൈകാര്യം ചെയ്യാനുള്ള പരിശീലനം ലഭ്യമാക്കണമെന്നും കേസ് പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. 

ജാതിയും സമുദായവും വേർതിരിച്ച് പല നിയമങ്ങളും സമൂഹം  ഉണ്ടാക്കിയിട്ടുണ്ട് എന്നാൽ ഇന്നത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങൾ അതിൽനിന്ന് വ്യത്യസ്തമായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നുണ്ട് അത് സമൂഹത്തിലെ വേർതിരിവ് ഇല്ലാതാക്കാൻ സഹായമാകുമെന്നും കോടതി പറഞ്ഞു. 

വ്യക്തികളുടെ തീരുമാനങ്ങൾക്കാണ് പരിഗണന എന്നും ഇവർക്കെതിരെ സമൂഹത്തിൽനിന്ന് ഉയർന്നുവരുന്ന ഭീഷണികൾക്കെതിരെ കോടതികൾ മുന്നോട്ടുവരുമെന്നും കൂട്ടിച്ചേർത്തു.

2. മെയ് 6, 2021

 കോടതി നടപടികളിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ പൗരന്മാർക്ക് പൂർണ അവകാശം  

കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു മാധ്യമങ്ങളെ വിലക്കില്ലെന്നും കോടതിയിൽ സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനും നിർബന്ധമായും റിപ്പോർട്ട് ചെയ്യപ്പെടണമെന്നും കോടതി പറഞ്ഞു.

കോടതികളുടെ വാക്കാലുള്ള നിരീക്ഷണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്ന രീതി ഹൈക്കോടതി വിലക്കണമെന്നാവശ്യപ്പെട്ടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടും എം ആർ ഷായും ഉൾപ്പെട്ട ബെഞ്ചിന്റെയാണ് വിധി.

കോവിഡ് അതിതീവ്ര വ്യാപന വിഷയത്തിൽ തങ്ങൾക്കെതിരായ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിചാരണയുടെ ഉള്ളടക്കം റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം.

കോവിഡ് വ്യാപനത്തിന്റെ പൂർണ ഉത്തരവാദിത്തം കമ്മിഷനാണെന്നും കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നും കോടതി കടുത്ത ഭാഷയിൽ മുൻപ് വിമർശിച്ചിരുന്നു. 

എന്നാല്‍ ഈ നിരീക്ഷണങ്ങള്‍ അന്തിമ വിധിപ്രസ്താവത്തില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് പരാമര്‍ശങ്ങള്‍ കമ്മീഷനെ മോശമാക്കുന്നതാണെന്നും മാധ്യമങ്ങൾക്ക് ഭാഗിക വിലക്ക് വേണമെന്ന് ആവശ്യപ്പെട്ട് അവർ കോടതിയെ സമീപിച്ചത്.

എന്നാൽ കോടതി വിചാരണയുടെ ഉള്ളടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഇന്നത്തെ കാലത്ത് പറയാനാകില്ലെന്നും ഹൈക്കോടതിയിൽ നടക്കുന്ന ചർച്ചകൾ കോടതിയുടെ അന്തിമ വിധിയുടെ അത്ര തന്നെ പൊതുതാൽപര്യം ഉണർത്തുന്നവയാണെന്നും കോടതി കൂട്ടിച്ചേർത്തു.

3. മെയ് 31, 2021

 കേന്ദ്ര കോവിഡ് വാക്‌സിനേഷൻ നയം പക്ഷപാതപരം 

സുപ്രീം കോടതിയുടെ സുപ്രധാനമായ നടപടികളിലൊന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ കോവിഡ് വാക്‌സിനേഷൻ നയത്തിലെ നീതിയുക്തമല്ലാത്ത കാര്യങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള വിധി.

45 വയസിനു മുകളിലുള്ളവർക്കും മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കും സൗജന്യമായി കുത്തിവെപ്പ് നൽകുകയും 45 വയസിൽ താഴെയുള്ളവരെല്ലാം പണം നൽകി കുത്തിവെയ്പ്പ് എടുക്കണമെന്നുമുള്ള  ആവശ്യമാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. 

എന്നാൽ സുപ്രീം കോടതി ഈ വിഷയത്തിൽ സ്വമേധയാ ഇടപെടുകയും കേന്ദ്ര സർക്കാരിന്റെ നടപടി തീർത്തും ഏകപക്ഷീയവും യുക്തിവിരുദ്ധവുമാണെന്ന് കണ്ടെത്തുകയും ചെയ്തു. 

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എൽ എൻ റാവോ, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. 

കൂടാതെ കമ്പനികളിൽനിന്ന് ഏറ്റെടുക്കുന്ന വാക്‌സിനേഷൻ വിലയിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കും നിജപ്പെടുത്തിയ വ്യത്യസ്ത വിലയെ ചോദ്യം ചെയ്യുകയും, ഓൺലൈൻ വഴിയുള്ള രജിസ്‌ട്രേഷൻ ഗ്രാമ മേഖലയിലുള്ളവർക്ക് എത്രമാത്രം ഉപകാരപ്രദമാകുമെന്നതിനെക്കുറിച്ച് കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 

ഇതിനെതിരെ നീതിപീഠം ഭരണ നിർവഹണ കാര്യങ്ങളിൽ ഇടപെടെരുതെന്നുള്ള കേന്ദ്ര സർക്കാർ വാദത്തോട് രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ കോടതികൾക്ക് നിശബ്ദമായി നോക്കി നിൽക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

കോടതിയുടെ ഇടപെടലും പല സംസ്ഥാന സർക്കാരുകൾ സ്വന്തം നിലയിൽ ജനങ്ങൾക്ക് സൗജന്യമായി പ്രധിരോധ കുത്തിവെപ്പ് നൽകാമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടുകൂടി പ്രധിരോധത്തിലായ കേന്ദ്ര സർക്കാർ ജൂൺ 21 മുതൽ രാജ്യത്തെ പൗരന്മാർക്കെല്ലാം സൗജന്യ വാക്‌സിനേഷൻ ഉറപ്പുനൽകി.

4. ജൂലൈ 19, 2021

 ബിജെപിയെ വിമര്‍ശിച്ചതിന് രാജ്യദ്രോഹം ചുമത്തപ്പെട്ട മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ ജയില്‍ മോചിതൻ  

ഗോമൂത്രവും ചാണകവും കൊവിഡ് ചികിത്സയ്ക്ക് ഗുണം ചെയ്യുമെന്ന ബിജെപി നേതാക്കളുടെ പ്രസ്താവനയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന  എറേന്ദ്രോ ലെയ്‌ചോംബാം ജയിൽ മോചിതൻ. 

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ ഉൾപ്പെട്ട ബെഞ്ച് എറേന്ദ്രോ ജയിലിൽ തുടരുന്നത് മൗലിക അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.

എറേന്ദ്രോയുടെ മോചനത്തിനായി പിതാവ് എൽ. രഘുമണി സിംഗാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ദേശീയ സുരക്ഷാ നിയമം ചുമത്തേണ്ട കുറ്റമല്ലെന്നും എറെന്‍ഡ്രോയ്ക്ക് ജാമ്യം ലഭിക്കുന്നത് ഇല്ലാതാക്കാൻ വേണ്ടിയാണ് അത്തരമൊരു വകുപ്പ് ചുമത്തിയതെന്നും ചൂണ്ടിക്കാട്ടിയാണ് രഘുമണി സിംഗ് ഹര്‍ജി നല്‍കിയത്. 

എറേന്ദ്രോയുടെ ഫേസ്ബുക് പോസ്റ്റ് ചൂണ്ടിക്കാണിച്ച് മണിപ്പൂർ ബിജെപി സംസ്ഥാന നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

5. സെപ്തംബർ 6, 2021

 ട്രെയിൻ വൈകിയാൽ യാത്രക്കാരന് നഷ്ടപരിഹാരം 

ഇന്ത്യൻ റയിൽവേയുടെ ട്രെയിനുകൾ അകാരണമായി വൈകുന്നതുമൂലം യാത്രാക്കാർക്കുണ്ടാകുന്ന ക്ലേശങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ റെയിൽവേ ബാധ്യസ്ഥരാണ്.

ജസ്റ്റിസ് എം ആർ ഷായും അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ചാണ് കൺസ്യുമർ ഫോറം വിധിച്ച നഷ്ടപരിഹാരത്തിനെതിരെ റെയിൽവേ മന്ത്രാലയം സമർപ്പിച്ച ഹർജി തള്ളിയത്. 

2016ൽ ജമ്മുവിലേക്ക് യാത്ര ചെയ്ത കുടുംബത്തിന് ട്രെയിൻ നാല് മണിക്കൂർ വൈകിയത് മൂലം വിമാന യാത്ര മുടങ്ങുകയും അവർ ടാക്സിയെ ആശ്രയിക്കാനുണ്ടായ സാഹചര്യവുമായിരുന്നു കേസിനാസ്പദമായ സംഭവം. 

കേസിൽ 15000 രൂപ ടാക്സി ചിലവായും, 10000 രൂപ വിമാന നിരക്കായും, വ്യക്തി ഒന്നിന് 5000 രൂപ വീതം കേസ് നടത്തിപ്പിലേക്കും നൽകാനാണ് കോടതി വിധിച്ചത്. 

കേസിൽ റെയ്ൽവേയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ട്രെയിനുകൾ വൈകുന്നതിനു പല കാരണങ്ങൾ ഉണ്ടാകാമെന്നാണ് കോടതിയിൽ വ്യക്തമാക്കിയത്. 

എന്നാൽ സംഭവത്തിൽ വ്യക്തമായ ഒരു കാരണം റെയിൽവേക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്ന് ബെഞ്ച് അഭിപ്രായപ്പെടും നഷ്ടപരിഹാരം നൽകാൻ വിധിക്കുകയുമായിരുന്നു. 

ട്രെയിൻ വൈകാനുള്ള കാരണം കണ്ടെത്തുകയും അത് നടത്തിപ്പിൽ വന്ന വീഴ്ചമൂലം ഉണ്ടായതല്ല എന്ന് തെളിയിക്കുവാനുള്ള ഉത്തരവാദിത്തം റയിൽവേക്കുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

അല്ലാത്തപക്ഷം യാത്രക്കാർക്ക് നഷ്ടപരിഹാരത്തിനുള്ള അവകാശം ഉണ്ട്.

സ്വകാര്യ ഗതാഗത സംവിധാനങ്ങളോടൊപ്പം മുന്നേറണമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങളുടെ നടത്തിപ്പും സംസ്കാരവും മെച്ചപ്പെടുത്തണമെന്നും കോടതി കൂട്ടിച്ചേർത്തു.   

6. സെപ്തംബർ 13, 2021

 പങ്കാളിക്കെതിരെ തുടർച്ചയായ പരാതികൾ വിവാഹമോചനത്തിനുള്ള വകുപ്പ് 

ജീവിത പങ്കാളിക്കെതിരെ തുടർച്ചയായ ആരോപണങ്ങളും വ്യവഹാരങ്ങളും ക്രൂരതയായി കണക്കാക്കാമെന്നും അത് വിവാഹമോചനം നൽകാനുള്ള കാരണമാക്കാമെന്നും സുപ്രീം കോടതി.

വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഭർത്താവ് സമർപ്പിച്ച  ഹർജി പരിഗണിച്ച് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ഹൃഷികേശ് റോയ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

കേസ് നടത്തിപ്പ് കാലയളവിൽ അകാരണമായി ഭർത്താവിനെതിരെ ജോലി സ്ഥലത്തും മറ്റ് ഇടങ്ങളിലും പരാതികൾ നൽകിയതുവഴി അയാൾക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കോടതി വിവാഹമോചനം അനുവദിച്ചത്. 

വിവാഹദിവസം തന്നെ വേർപിരിഞ്ഞ  ഇവർ 20 വർഷത്തോളമായി കോടതി വ്യവഹാരത്തിലാണ്. 

വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഭർത്താവിനനുകൂലമായി വിവാഹമോചന വിധികൾ ഉണ്ടായത് പുനഃപരിശോധനാ ഹര്ജികളിലൂടെ ഭാര്യ അസാധുവാക്കിയിരുന്നു.

കോളേജ് അധ്യാപകനായിരുന്ന ഭർത്താവിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും അനാവശ്യമായി വിവരാവകാശ നിയമങ്ങൾ ദുരുപയോഗം ചെയത്  ഭർത്താവിനെ ബുദ്ധിമുട്ടിച്ചതും ജോലി സ്ഥലത്ത് ഭർത്താവിനെ ശാരീരികമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയതും ഭർത്താവിന്റെ തൊഴിലുടമക്കെതിരെ പരാതി നൽകുമെന്ന് ആഹ്വാനം നടത്തിയതുമടക്കം നിരവധി ആരോപണങ്ങൾ കോടതി പരിഗണിച്ചു.  

7. സെപ്തംബർ 24, 2021

 സുപ്രീം കോടതി ഔദ്യോഗിക ഇ-മെയിലിൽ നിന്ന് നരേന്ദ്ര മോദിയുടെ ചിത്രം നീക്കി 

സുപ്രീം കോടതിയുടെ ഔദ്യോഗിക ഇ-മെയിലിന്റെ അടിക്കുറിപ്പിൽ നിന്ന് പ്രധാനമന്ത്രിയുടെ വാചകങ്ങളും ചിത്രവും നീക്കം ചെയ്തു.

നരേന്ദ്ര മോദിയുടെ ചിത്രവും “സബ്കാ സാഥ് സബ്കാ വികാസ് സബ്കാ വിശ്വാസ്” എന്ന വാചകങ്ങളുമാണ് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോട് നീക്കം ചെയ്യാൻ കോടതി ആവശ്യപ്പെട്ടത്. 

പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരമായി സുപ്രീം കോടതിയുടെ തന്നെ ചിത്രം ഉൾപ്പെടുത്താനും കോടതി ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരുടെ പരാതിയിന്മേലാണ് കോടതിയുടെ നടപടി. 

“സുപ്രീം കോടതിയുടെ ഔദ്യോഗിക ഇമെയിലുകളിൽ ജുഡീഷ്യറിയുടെ പ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചിത്രം അടിക്കുറിപ്പായി ഉള്ളതായി ഇന്നലെ വൈകുന്നേരം ശ്രദ്ധയിൽപ്പെട്ടു.” 

“കോടതിക്ക് ഇമെയിൽ സേവനം നൽകുന്ന നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്ററിനോട് അത് നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും പകരമായി കോടതിയുടെ ചിത്രം ഔദ്യോഗിക ഇമെയിലിന്റെ ഭാഗമാക്കാൻ ആവശ്യപ്പെട്ടു”  കോടതി പറഞ്ഞു.

8. ഒക്റ്റോബർ 8, 2021

 വിദ്യാഭ്യാസത്തിൽ വിവേചനം പാടില്ല :ഓൺലൈൻ സംവിധാനം എല്ലാ കുട്ടികൾക്കും ലഭ്യമാക്കണം  

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകാരണങ്ങളും ഇന്റർനെറ്റ് സൗകര്യവും ഉറപ്പുവരുത്തണം.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാൻ നിർദേശിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരെ അൺ എയ്ഡഡ് സ്കൂളുകൾ നൽകിയ ഹർജിയിലാണ് വിധി.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടും ബി വി നാഗരത്നയും അടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 

ഭരണഘടന ഉറപ്പ് നൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം യാഥാർത്ഥ്യമാകണമെങ്കിൽ സമൂഹത്തിലെ താഴേ തട്ടിലുള്ള കുട്ടികൾക്ക് കൂടി ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാവേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

സ്വന്തമായി പഠനോപകാരണങ്ങളും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാക്കാൻ കഴിയാത്തവർക്ക് സൗകര്യങ്ങൾ സർക്കാർ ലഭ്യമാക്കിയില്ലെങ്കിൽ ഒരുപക്ഷേ അവർ  പഠനം ഉപേക്ഷിക്കാൻ നിര്ബന്ധിതരായേക്കാമെന്നും കോടതി നിരീക്ഷിച്ചു.

സൗകര്യങ്ങളുടെ അഭാവം മൂലം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താൻ ശാശ്വതമായ ഒരു പരിഹാരം വികസിപ്പിക്കാൻ കേന്ദ്രവും സംസ്ഥാന സർക്കാരുകളും സംയുക്തമായി പ്രവർത്തിക്കണമെന്ന് ബെഞ്ച് ആവശ്യപ്പെട്ടു.

ഇതിനെസംബന്ധിച്ച് അടിയന്തര നടപടികൾക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി കത്തയച്ചു.

9. നവംബർ 11, 2021

 അനധികൃത മണൽ ഖനനം: പരിസ്ഥിതി പൂർവസ്ഥിതിയിലേക്കാക്കുന്നതിനുള്ള ചിലവും കൂട്ടി പിഴ   

അനധികൃത മണൽ ഖനനം നടത്തിയാൽ പിഴയും നഷ്ടപരിഹാരവും നിശ്ചയിക്കുമ്പോൾ ഖനന വസ്തുവിന്റെ വില മാത്രം പരിഗണിച്ചൽ മതിയാവില്ല. 

പരിസ്ഥിതി പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവും പാരിസ്ഥിതിക സേവനങ്ങളുടെ ചെലവും നഷ്ടപരിഹാരത്തിന്റെയും പിഴയുടെയും ഭാഗമായിരിക്കണം.

രാജസ്ഥാനിൽ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാരും ബജ്‌രി ലീസ് ലോൽ ഹോൾഡേഴ്സ് വെൽഫെയർ സൊസൈറ്റിയുമായുള്ള  കേസിലാണ് വിധി.  

വിദഗ്ധ സമിതിയായ സെൻട്രൽ എംപവര്മെന്റ് കമ്മിറ്റി സമർപ്പിച്ച ശുപാര്ശ പരിഗണിച്ചാണ്  ജസ്റ്റിസ് നാഗേശ്വര റാവോ, സൻജീവ്‌ ഖന്ന, ബി ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചത്.

അനധികൃത ഖനനത്തിനെതിരെ സംസ്ഥാന സർക്കാർ ചുമത്തിയ പിഴക്ക് പുറമെ ഖനത്തിനായി ഉപയോഗിച്ച വാഹനത്തിനു 10 ലക്ഷം രൂപ വീതവും ഓരോ ക്യൂബിക് മീറ്റർ മണലിന് 5 ലക്ഷം രൂപ വീതവും പിഴ ചുമത്താനായിരുന്നു ഇഎംസി ശുപാർശ.                   

നിരന്തരമായ മണൽ ഖനനത്തിലൂടെയുള്ള പ്രകൃതി ചൂഷണം തടയണം. അനധികൃതമായ മണൽ ഖനനം മണൽ മാഫിയകളുടെ വളർച്ചക്ക് കാരണമാകുകയും അവർക്കെതിരെ ശബ്ദമുയർത്തുന്ന  ജനങ്ങളെയും ഉദ്യോഗസ്ഥരെയും മാധ്യമ പ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും ഉപദ്രവിക്കുന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്.

ഇത്തരത്തിൽ പിഴ ചുമത്തുന്നത് അനധികൃതമായ പ്രകൃതി ചൂഷണം ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.

പ്രകൃതി വിഭവങ്ങൾ അനധികൃതമായി കടത്തുന്നവരിൽനിന്നു ഈടാക്കുന്ന പിഴയിലൂടെ അതുമൂലം നേരിട്ട് ദുരിതമനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ സാധിക്കുകയും പ്രകൃതിയെ പൂർവസ്ഥിതിയിലേക്കാക്കി സുസ്ഥിര വികസനം സാധ്യമാക്കാൻ സാധിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

10. നവംബർ 18, 2021

 പോക്‌സോ കേസിൽ ലൈംഗിക ഉദ്ദെഹസത്തോടുകൂടിയുള്ള എല്ലാ സ്പർശനവും കുറ്റകരം 

Representational image.

ചർമങ്ങൾ തമ്മിൽ സ്പർശിക്കാതെ ലൈംഗിക ഉദ്ദേശത്തോടുകൂടിയുള്ള സ്പര്ശനം പോക്സോ നിയമപ്രകാരം കുറ്റകരമെന്ന് സുപ്രീം കോടതി.

കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ ചർമങ്ങൾ തമ്മിൽ സ്പര്ശിച്ചാൽ മാത്രമല്ല, ലൈംഗിക ഉദ്ദേശത്തോടെ നടത്തുന്ന ഏത് ശാരീരിക സ്പര്ശനവും ലൈംഗിക അതിക്രമത്തിന്റെ പരിധിയിൽ വരും.

ജസ്റ്റിസ് യു യു ലളിത്, എസ് രവീന്ദ്ര ഭട്ട്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ചാണ് ബോംബെ ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിച്ച് വിധി പ്രസ്താവിച്ചത്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വസ്ത്രത്തിനു മുകളിലൂടെ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമമായി കാണാനാവില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

വസ്ത്രത്തിനു മുകളിലൂടെയുള്ള സ്പര്ശനം ഐ പി സി 354-ആം വകുപ്പ് പ്രകാരം  മാനഭംഗ കുറ്റകൃത്യമേ ആകുന്നുള്ളൂവെന്നു കാട്ടി ഹൈക്കോടതി പ്രതിയുടെ ശിക്ഷ ഇളവ് ചെയ്തു നൽകിയിരുന്നു. 

ഹൈക്കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, ദേശീയ വനിതാ കമ്മീഷന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി അസാധുവാക്കിയത്.

പോക്‌സോ നിയമത്തെതന്നെ പരാജയപ്പെടുത്തുന്ന ബോംബെ ഹൈക്കോടതിയുടെ സങ്കുചിതമായ വ്യാഖ്യാനം അംഗീകരിക്കാൻ പറ്റില്ലെന്ന് കേസ് പരിഗണിക്കവെ കോടതി വിമർശിച്ചു. 

ഹൈക്കോടതി ഉത്തരവ് പ്രകാരം സർജിക്കൽ ഗ്ലൗസ് ഇട്ട ഒരാൾ കുട്ടിയെ പീഡിപ്പിച്ചാൽ അയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കാൻ സാധിക്കില്ലെന്ന് അറ്റോർണി ജനറലിന്റെ വാദിച്ചു.

11. നവംബർ 22, 2021

 ഫീസടക്കാൻ വൈകി; കോടതി ഇടപെട്ട് ദളിത് വിദ്യാർഥിക്ക് ഐഐടിയിൽ പ്രവേശനം  

സാങ്കേതിക തടസം മൂലം ഐഐടി പ്രവേശനത്തിന് പണമടക്കാൻ കഴിയാത്ത പട്ടിക ജാതി വിദ്യാർത്ഥിക്ക് 48 മണിക്കൂറിൽ പ്രവേശനം നൽകി.

 ബോംബെ ഐ ഐ ടിയിൽ സിവിൽ എഞ്ചിനീയറിംഗ് ബിരുദത്തിനു പ്രവേശന അവസരം ലഭിച്ച പ്രിൻസ് ജൈബീർ സിംഗ് എന്ന അലഹബാദ് സ്വദേശിക്കാണ് ക്രെഡിറ്റ് കാർഡ് തകരാറുമൂലം സമയത്ത് പണമടക്കാൻ കഴിയാതെ പ്രവേശനം നിരസിക്കപ്പെട്ടത്. 

ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയതിനെത്തുടർന്ന്  സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു പരാതിക്കാരൻ.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂടും എ എസ് ബൊപ്പണ്ണയും അടങ്ങുന്ന ബെഞ്ചാണ് പ്രത്യേക സാഹചര്യം പരിഗണിച്ച് ആർട്ടിക്കിൾ 142-ലെ സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള വിധി പ്രഖ്യാപിച്ചത്.

നിലവിൽ പ്രവേശനം ലഭിച്ചിരിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കാത്ത രീതിയിൽ സീറ്റ് വർധിപ്പിച്ച് പരാതിക്കാരനായ വിദ്യാർത്ഥിക്ക് പ്രവേശനം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ പ്രവേശന നടപടികൾ പൂർത്തിയായതിനാൽ സീറ്റ് വർദ്ധനവ് ഇനി സാധ്യമല്ല എന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പ്രവേശനം നൽകിയത്.

പരാതിക്കാരനായ വിദ്യാർത്ഥിക്ക് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാനുള്ള  അവസാനത്തെ അവസരമാണ് കഴിഞ്ഞതെന്നതും പണം അടക്കാൻ നടത്തിയ ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടെന്ന കാര്യവും കോടതി പരിഗണിച്ചു.

മനുഷ്യത്വപരമായി സമീപിച്ച് പരാതിക്കാരന് പ്രവേശനം നൽകാൻ അധികൃതരോട് വാദത്തിനിടയിൽ കോടതി ആവശ്യപ്പെടുകയും പത്തോ ഇരുപതോ വര്ഷങ്ങള്ക്കു ശേഷം ഈ വിദ്യാർത്ഥി ഒരു പക്ഷെ നമ്മുടെ രാജ്യത്തിന്റെ നേതാവാകുമോ എന്ന് ആർക്കും പറയാൻ കഴിയില്ലെന്നും കോടതി പരാമർശിച്ചു.

12. ഡിസംബർ 1, 2021

 വിമാനത്താവളത്തിലെ പരിശോധനയിൽ ഭിന്നശേഷിക്കാരോട് കൃത്രിമ അവയവം ഊരി മാറ്റാൻ ആവശ്യപ്പെടരുത്.  

വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഭിന്നശേഷിക്കാരോടുള്ള സമീപനങ്ങൾക്ക് വിമർശനം.സുരക്ഷാ പരിശോധനയുടെ ഭാഗമായി കൃത്രിമ അവയവം ഊരിമാറ്റാൻ ആവശ്യപ്പെടുന്ന രീതിയി മനുഷ്യഅന്തസ്സിനെതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭിന്നശേഷി പ്രവർത്തകയായ ജീജ ഘോഷ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്‌തയും വി രാമസുബ്രഹ്മണ്യനും അടങ്ങുന്ന ബെഞ്ച് വിധി പ്രസ്താവിച്ചത്. 

കൂടാതെ സുരക്ഷാ പരിശോധനയ്ക്കിടെ ഭിന്നശേഷിക്കാരെ കൈകൊണ്ട് ഉയർത്തുന്ന രീതി “മനുഷ്യത്വരഹിതമാണ്”, ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല എന്നും കോടതി നിർദേശിച്ചു.

ഭിന്നശേഷിക്കാരികൂടിയായ പരാതിക്കാരിയോട് സിവിൽ വ്യോമയാന വകുപ്പ് പുതുതായി പരിഷ്കരിച്ചിട്ടുള്ള ഭിന്നശേഷിക്കാർക്കായുള്ള മാർഗ്ഗനിര്ദേശങ്ങളിലുള്ള  പോരായ്മകളും നിർദേശങ്ങളും അറിയിക്കാൻ ആവശ്യപ്പെടുകയും. അവ പരിഗണിക്കാൻ വ്യോമയാന വകുപ്പിന് നിർദേശം നൽകുകയും ചെയ്തു.

നർത്തകിയും അഭിനേത്രിയുമായ സുധ ചന്ദ്രൻ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി കൃത്രിമക്കാൽ നീക്കാം ചെയ്യാൻ ആവശ്യപ്പെടുന്നതിനെതിരെ സർക്കാരിനോട് പരാതിപ്പെട്ടിരുന്നു.

Advertisement