കോട്ടയം:
ജില്ലയിൽ അനുദിനം ചൂട് വർദ്ധിക്കുന്നതോടെ ജലാശയങ്ങളിൽ വെള്ളത്തിൻറെ കുറവ് അനുഭവപ്പെടുന്നത് ആശങ്ക ഉയർത്തുന്നു. ചൂട് വർദ്ധിച്ചതോടെ ജില്ലയിലെ ജലസ്രോതസ്സുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴ്ന്നുതുടങ്ങിയിട്ടുണ്ട്. കിണറുകളിലെയും തോടുകളിലെയും ജലനിരപ്പ് കുറയുകയാണ്.
താഴ്ന്ന പ്രദേശങ്ങളിൽപോലും ജലത്തിലെ അളവിൽ കുറവ് വന്നിട്ടുണ്ട്. മീനച്ചിലാറ്റിലും കൊടൂരാറ്റിലും ജലനിരപ്പ് പരിധിയിലധികം താഴ്ന്നിട്ടുണ്ട്. മീനച്ചിലാറ്റിൽ പലയിടത്തും ഒഴുക്ക് നിലച്ച് അടിത്തട്ട് കാണത്തക്ക നിലയിലെത്തിയ സാഹചര്യമാണ്. പലതോടുകളിലും വെള്ളത്തിെൻറ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. നവംബർ വരെ ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
ഡിസംബറോടെ കാലാവസ്ഥ മാറുകയും താപനില ഉയരുകയുമായിരുന്നു. രാവിലെ ചെറിയ തണുപ്പും ഉച്ചയോടെ അസഹനീയ ചൂടുമാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. 34, 35 ഡിഗ്രി ചൂടാണ് പകൽ സമയത്ത് അനുഭവപ്പെടുന്നത്.
കേന്ദ്രകാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ് പ്രകാരം 23 ഡിഗ്രി വരെ ചൂട് കൂടാനുള്ള സാധ്യത ഉണ്ട്. ഉത്തരേന്ത്യയിൽ ശൈത്യകാലമാണെങ്കിലും അവിടെനിന്ന് വീശേണ്ട തണുത്തകാറ്റ് വീശാത്തതും തമിഴ്നാട്ടിൽനിന്ന് വരണ്ടകാറ്റ് വീശുന്നതുമെല്ലാമാണ് കാരണം. മുൻവർഷങ്ങളെക്കാൾ 60 മില്ലിമീറ്ററിലേറെ റെക്കോഡ് മഴ കോട്ടയത്ത് ലഭിച്ചെങ്കിലും ജനുവരി, ഫെബ്രുവരി മാസങ്ങളിൽ അനുഭവപ്പെടുന്നതുപോലുള്ള ചൂടാണ് ഇപ്പോൾ കോട്ടയത്തുള്ളത്.
ചൂട് ക്ഷീരമേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് കർഷകർ പറഞ്ഞു. കന്നുകാലികളിൽ പാലിൻറെ അളവ് വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്. അതേസമയം, ജലത്തിൻറെ ലഭ്യത കുറഞ്ഞതോടെ ടാങ്കർ ലോറികളിൽ വെള്ളം വിൽക്കുന്ന സംഘങ്ങൾ സജീവമായിട്ടുണ്ട്. എന്നാൽ, വെള്ളത്തിൻറെ ഗുണനിലവാരം സംബന്ധിച്ച ആശങ്ക ഉയരുന്നുണ്ട്.