Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡൽഹിയിൽ കൊവിഡ്​ ഒമിക്രോൺ വകഭേദത്തിന്‍റെ സമൂഹവ്യാപനം നടന്നു​വെന്ന്​ സൂചന. ആരോഗ്യമന്ത്രി സ​ത്യേന്ദർ ജെയിനാണ്​ ഇതുസംബന്ധിച്ച ആശങ്ക പങ്കുവെച്ചത്​. വിദേശയാത്ര ചരിത്രമില്ലാത്തയാൾക്ക്​ ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്​. ഇതിന്‍റെയർഥം കൊവിഡ്​ ഒമിക്രോൺ വകഭേദം പതുക്കെ സമൂഹത്തിലേക്ക്​ വ്യാപിക്കുന്നുവെന്നാണെന്ന്​​ ആരോഗ്യമന്ത്രി പറഞ്ഞു.

ഡൽഹിയിലെ കൊവിഡ്​ കേസുകളിൽ 46 ശതമാനവും ഒമിക്രോൺ വകഭേദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറേ ദിവസങ്ങളായി രാജ്യതലസ്ഥാനത്ത്​ കൊവിഡ്​ രോഗികളുടെ എണ്ണം ഉയരുകയാണ്​.ബുധനാഴ്ച 923 പേർക്കാണ്​ ഡൽഹിയിൽ കോവിഡ്​ സ്ഥിരീകരിച്ചത്​.

മേയ്​ 30ന്​ ശേഷം ഏറ്റവും കൂടുതൽ പേർക്ക്​ ഡൽഹിയിൽ കൊവിഡ്​ സ്ഥിരീകരിച്ചത്​ കഴിഞ്ഞ ദിവസമാണ്​. രോഗികളുടെ എണ്ണം ഉയർന്നതോടെ യെല്ലോ അലേർട്ട്​ പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരാനും ഡൽഹി സർക്കാർ തീരുമാനിച്ചിരുന്നു. ആറ്​ മാസത്തിന്​ ശേഷം ഡൽഹിയിൽ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഒരു ശതമാനം കടക്കുകയും ചെയ്തിരുന്നു. ഡിസംബർ 20നാണ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ 1.29 ശതമാനത്തിലെത്തിയത്​. ഡൽഹിയിൽ 238 ഒമിക്രോൺ കേസുകളും റിപ്പോർട്ട്​ ചെയ്തിട്ടുണ്ട്​.