Wed. Jan 22nd, 2025
ഗൂഡല്ലൂർ:

പുറമണവയൽ ഗോത്രഗ്രാമത്തിൽ നഗരസഭ നിർമിച്ച വീടുകൾക്കു വൈദ്യുത കണക്‌ഷൻ നൽകാത്തതിൽ പ്രതിഷേധിച്ചു ഗ്രാമവാസികൾ ഗൂഡല്ലൂർ ആർഡിഒ ഓഫിസിൽ എത്തി. പുത്തൂർവയലിനടുത്തു പുറമണവയൽ ഗോത്ര ഗ്രാമത്തില്‍ 48 കുടുംബങ്ങൾക്ക് നഗരസഭ വീടു നിർമിച്ചു നൽകിയിട്ടുണ്ട്. ഒരു വർഷമായിട്ടും ഈ വീടുകൾക്ക് വൈദ്യുതി കണക്‌ഷൻ നൽകിയിട്ടില്ല.

വൈദ്യുതി കണക്‌ഷൻ ഇല്ലാത്തതിനാൽ കുട്ടികൾക്കു പഠിക്കാൻ പോലും കഴിയുന്നില്ലെന്ന് ഇവർ പറഞ്ഞു. നേരത്തെ ഉണ്ടായിരുന്ന വീടുകൾക്കു വൈദ്യുതി കണക്‌ഷൻ ഉണ്ടായിരുന്നു. ഈ കണക്‌ഷൻ പുതിയ വീടുകളിലേക്കു മാറ്റി സ്ഥാപിക്കാ‍ൻ പോലും നടപടിയില്ല. വൈദ്യുതി നൽകാൻ നടപടി സ്വീകരിക്കുമെന്ന് ആർഡിഒ ഓഫിസിൽനിന്ന് അറിയിച്ചതോടെ ഇവർ വീടുകളിലേക്കു മടങ്ങി.