Mon. Dec 23rd, 2024
കൊച്ചി:

കൊച്ചി കായലില്‍ പാട്ടും നൃത്തവുമൊക്കെയായി പുതുവത്സരം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസിയും കെഎസ്ഐഎന്‍സിയും ചേര്‍ന്ന് സൗകര്യം ഒരുക്കുന്നു. ലക്ഷ്വറി ക്രൂയിസ് കപ്പലിൽ അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രയില്‍ ലൈവ് ഡിസ്കോയും, ത്രീ ഡി സിനിമയും ഗെയിമും ഭക്ഷണവുമൊക്കെ ഉണ്ടാകും.

ഒമിക്രോണ്‍ ഭീതിയില‍െ പുതുവല്‍സരാഘോഷത്തില്‍ കര്‍ഫ്യൂവും ഡിജെ പാര്‍ട്ടികള്‍ക്കും വ്യാപക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനിടയില്‍ കൊച്ചിക്കായലില് സുരക്ഷിതമായ ഒരു ആഘോഷരാവിനുള്ള ഒരുക്കത്തിലാണ്കെഎസ്ആര്ടിസിയും കെഎസ് ഐഎന്‍സിയും.

നെഫ്രേറ്റിറ്റി എന്ന ലക്ഷ്വറി ക്രൂയിസ് കപ്പലാണ് യാത്രക്കായി ഒരുക്കുന്നത് . ടിക്കറ്റ് നിരക്ക് 3499 രൂപ. പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 2000 രൂപ നല്കിയാല്‍ മതി.

രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് ആദ്യം യാത്ര തീരുമാനിച്ചത്.പക്ഷെ രാത്രി കര്ഫ്യൂ പ്രഖ്യാപിച്ചതോടെ സമയം വൈകിട്ട് നാല് മുതല് രാത്രി 9 വരെയാക്കി. വെല്ലിംഗ്ടണ്‍ ഐലന്‍റില്‍ നിന്ന് പുറപ്പെടുന്ന കപ്പല്‍ കടലില് 12 നോട്ടിക്കല്‍ മൈല് അകലെ വരെ പോകും. ആഘോഷിക്കാന്‍ എല്ലാ സൗകര്യങ്ങളും ഉണ്ട്. ലൈവ് മ്യൂസിക്, ഡിസ്കോ, ഗെയിമുകള്‍ ,ത്രീഡി സിനിമ പ്രദര്‍ശനം, എല്ലാം ലഭ്യം. ഒപ്പം ഭക്ഷണവും

ആഘോഷത്തിനിടെ ഒന്നു മിനുങ്ങണമെന്ന് തോന്നിയാല്‍ ലക്ഷ്വറി ബാര്‍ തന്നെ ഒരുക്കിയിട്ടുണ്ട്. പക്ഷെ ഇതിന് പണം വേറെ മുടക്കേണ്ടി വരും. മറ്റ് ജില്ലകളില്‍നിന്നുള്ളവര്‍ക്കും യാത്രക്കെത്താം. ഇവരെ അതാത് ജില്ലകളില്‍ നിന്ന് കൊണ്ടു വരാനും പാര്‍ട്ടി കഴിഞ്ഞ് തിരികെ കൊണ്ടു പോകാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.