Mon. May 6th, 2024
ന്യൂഡൽഹി:

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യൻ സംഗീതം കേൾപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രാലയം വിമാനകമ്പനികൾക്കും വിമാനത്താവളങ്ങൾക്കും കത്തയച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിസർച്ചിന്റെ (ഐസിസിആർ) അഭ്യർത്ഥന അംഗീകരിച്ചു കൊണ്ടാണ് കത്തയച്ചത്. ‘മത-സാമൂഹിക ജീവിതത്തിന്റെ’ അഭിവാജ്യ ഘടകമായാണ് ഇന്ത്യയിൽ സംഗീതം ആരംഭിച്ചതെന്ന് വ്യോമയാന മന്ത്രാലയം കത്തിൽ പറഞ്ഞു.

“ലോകമെമ്പാടുമുള്ള മിക്ക വിമാനങ്ങളിലും വയ്ക്കുന്ന സംഗീതം എയർലൈൻ ഉൾപ്പെടുന്ന രാജ്യത്തിന് വളരെ പ്രധാനമാണ്, ഉദാഹരണത്തിന്, അമേരിക്കൻ എയർലൈനുകളിലെ ജാസ്, ഓസ്ട്രിയൻ എയർലൈനുകളിലെ മൊസാർട്ട്, മിഡിൽ ഈസ്റ്റിൽ നിന്നുള്ള എയർലൈനിലുകളിലെ അറബ് സംഗീതം.

പക്ഷേ, ഇന്ത്യൻ വിമാനങ്ങളിൽ ഇന്ത്യൻ സംഗീതം വയ്ക്കുന്നത് വളരെ വിരളമാണ്, നമ്മുടെ സംഗീതത്തിന് വളരെ സമ്പന്നമായ സംസ്‌കാരവും പാരമ്പര്യവുമുണ്ട്, ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കാം,” സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ഉഷാ പാധി വിമാനക്കമ്പനികൾക്കും എയർപോർട്ട് ഓപ്പറേറ്റർമാർക്കും അയച്ച കത്തിൽ പറഞ്ഞു.