ബെർലിൻ:
ജനസംഖ്യ 2,17,000 മാത്രമുള്ള ജർമൻ നഗരമായ മെയ്ൻസ് വർഷങ്ങളായി കടുത്ത കടബാധ്യതക്കു മധ്യേയായിരുന്നു. 90കൾ മുതൽ വായ്പയെടുത്ത് ചെലവ് നടത്തിവന്ന് കടം കുമിഞ്ഞുകൂടിയ നാട്.
എന്നാൽ, കൊവിഡ് പിടിമുറുക്കി ഒരു വർഷത്തിനിടെ വികസിപ്പിച്ച വാക്സിനുകളിലൊന്നിന്റെ സഹനിർമാതാക്കൾ തങ്ങളുടെ നാട്ടുകാരായതോടെ അവർക്കിപ്പോൾ ശുക്രദശയാണ്. അമേരിക്കൻ മരുന്നു ഭീമൻ ഫൈസറുമായി ചേർന്ന് ബയോൻടെക് പുറത്തിറക്കിയ മരുന്ന് വിപണി കീഴടക്കുകയും ശതകോടികൾ വരുമാനമുണ്ടാക്കുകയും ചെയ്തതോടെ നികുതിയിനത്തിൽ ലഭിച്ച വലിയ സംഖ്യയാണ് മെയിൻസിന് തുണയായത്.
ഉഗുർ സാഹിനും ഉസ്ലെം തുറെസിയും നേതൃത്വം നൽകുന്ന ബയോൻടെക്കാണ് മെയിൻസിന് കോടികൾ നികുതിയായി നൽകിക്കൊണ്ടിരിക്കുന്നത്. ജർമനിയിൽ ഒന്നിലേറെ കേന്ദ്രങ്ങളിൽ കമ്പനിക്ക് പ്ലാന്റുകളുണ്ട്.