തിരുവനന്തപുരം:
പുതുവത്സരത്തിൽ യാത്രക്കാർക്ക് ഓൺലൈൻ റിസർവേഷന് കെഎസ്ആർടിസി കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റിസർവേഷൻ നിരക്ക് 30 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണി്ക്കൂർ മുമ്പ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കില്ല.
72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും, 48 മണിക്കൂറിനും, 24 മണിക്കൂറിനും ഇടയിൽ 25%, 24 മണിക്കൂറിനും, 12 മണിക്കൂറിനും ഇടയിൽ 40 %, 12 മണിക്കൂറിനും, രണ്ട് മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50% നവും ക്യാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും.
ബസ് പുറപ്പെടുന്നതിന് രണ്ട് മണി്ക്കൂറിനുള്ള ക്യാൻസലേഷൻ അനുവദിക്കില്ല. കെഎസ്ആർടിസിയുടെ ഫ്രാഞ്ചൈസി/ കൗണ്ടർ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് യാത്രാ തിയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നൽകും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൾ ചെയ്യാനും സാധിക്കും.