Mon. Dec 23rd, 2024
മാനന്തവാടി:

കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും എത്തിച്ചതടക്കം 68 ക്യാമറകൾ സ്ഥാപിച്ചിട്ടും നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയെ നാട്ടിലും കാട്ടിലും കണ്ടെത്താനാകാതെ വനപാലകർ. കഴിഞ്ഞ 27 ദിവസമായി പയ്യമ്പള്ളി വില്ലേജിനെയാകെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്താൻ ഇന്നലെ ഉൾവനങ്ങളിൽ നടത്തിയ തിരച്ചിലിലും കഴിഞ്ഞില്ല. ഈശ്വരക്കൊല്ലി, നരിമാന്തിക്കൊല്ലി ഭാഗങ്ങളിലായിരുന്നു ഇന്നലെ തിരച്ചിൽ നടത്തിയത്.

ക്യാമറകളിൽ കടുവയുടെ ദൃശ്യം പതിയാത്തതിനാൽ കടുവ എവിടെയെന്നു കണ്ടെത്താനാകാതെ കുഴയുകയാണു വനംവകുപ്പ്. 17 വളർത്തു മൃഗങ്ങളെ കൊന്ന കടുവയെ കൂട്ടിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 5 ഇടങ്ങളിൽ കൂട് സ്ഥാപിച്ച് ഇരയായി ആടുകളെ കെട്ടിവച്ചിട്ടും കടുവ കൂട്ടിൽ കയറാൻ തയാറായില്ല.

മയക്കുവെടി വച്ചു പിടികൂടാനായി 3 സംഘങ്ങളെ നിയോഗിച്ചെങ്കിലും നേരിൽ കാണാൻ പോലും കിട്ടാത്ത കടുവയെ പിടികൂടാനായില്ല. രണ്ട് കുങ്കിയാനകളെയും 3 ഡ്രോണുകളെയും ഉപയോഗിച്ചും മണ്ണുമാന്തി യന്ത്രങ്ങളെത്തിച്ച് കാനന പാതകൾ തെളിച്ചും നടത്തിയ തിരച്ചിലിൽ നിരാശ മാത്രമാണ് ഫലം. കഴിഞ്ഞ ഒരാഴ്ചയായി വളർത്തു മൃഗങ്ങളെ കടുവ പിടികൂടാത്തതിനാൽ നാട്ടുകാർ അൽപം ആശ്വാസത്തിലാണ്.

കഴുത്തിൽ മുറിവേറ്റ കടുവ അവശനിലയിലാണെന്നും കാട്ടിനുള്ളിൽ കിടന്ന് ചത്തെന്നുമെല്ലാം അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇന്നും തിരച്ചിൽ തുടരാനാണു വനപാലകരുടെ തീരുമാനം.