തിരൂരങ്ങാടി:
തിരൂരങ്ങാടി പ്രദേശത്ത് അടിക്കടി ഇരുട്ട് സമ്മാനിച്ച് കെ എസ്ഇ ബി അധികൃതർ. ഒന്നിടവിട്ട ദിവസങ്ങളിൽ വൈദ്യുതി മുടക്കം പതിവായ ഇവിടെ ഈ ഒരാഴ്ച പൂർണമായും പകൽ വൈദ്യുതി ഉണ്ടായിരുന്നില്ല. പകൽ പൂർണമായും വൈദ്യുതി മുടങ്ങുന്നതിനാൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
വൈദ്യുതി ഓഫാക്കുന്ന കെ എസ്ഇ ബി അധികൃതർ ഉപഭോക്താക്കൾക്ക് വൈദ്യുതി ഉപയോഗം കുറക്കണമെന്ന ഉപദേശവും നൽകുന്നു. ഡിസംബർ 19 മുതൽ 25 വരെ വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പുണ്ടായിരുന്നു. എടരിക്കോട് സബ് സ്റ്റേഷനിൽ ട്രാൻസ്ഫോർമർ ശേഷി വർദ്ധിപ്പിക്കുന്നതിൻറെ ഭാഗമായി പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാലും ട്രാൻസ്ഫോർമർ ടെസ്റ്റിങ്, കമീഷനിങ് എന്നിവയുമായി ബന്ധപ്പെട്ടുമാണ് ഈ ദിവസങ്ങളിൽ വൈദ്യുതി തടസ്സം നേരിടുമെന്ന് അറിയിച്ചത്.
മറ്റ് സബ് സ്റ്റേഷനുകളിൽനിന്ന് പരിമിതമായി ലഭ്യമായേക്കാവുന്ന വൈദ്യുതി ഉപയോഗിച്ചുള്ള വിതരണം മാത്രം നടക്കുന്നതിനാൽ ഉപഭോക്താക്കൾ പരമാവധി ഉപയോഗം കുറച്ചും പകരം സംവിധാനങ്ങൾ ഉപയോഗിച്ചും സഹകരിക്കണമെന്നും കെ എസ്ഇ ബി തിരൂരങ്ങാടി ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചിരുന്നു. എന്നാൽ, നാടുകാണി റോഡ് നവീകരണത്തിെൻറ ഭാഗമായി വൈദ്യുതി കാലുകൾ മാറ്റുന്നതുമായി ബന്ധപ്പട്ട് തിരൂരങ്ങാടി ഭാഗത്ത് ആഴ്ചയിൽ മൂന്നും നാലും ദിവസം വൈദ്യുതി മുടങ്ങാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. പതിവ് പല്ലവിയായ മെയിൻ ലൈനിലെ തകരാറ് മൂലമുള്ള വൈദ്യുതി മുടക്കവും മുന്നറിയിപ്പില്ലാതെയുള്ള മുടക്കവും മുറ തെറ്റാതെ തുടരുകയും ചെയ്യുന്നു.