Mon. Dec 23rd, 2024
തിരുവനന്തപുരം:

ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് നിർദേശം നൽകി. ഡി ജി പിയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറൻറ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും.

ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.