Thu. Apr 25th, 2024
പാലക്കാട്‌:

തകർന്ന റോഡുകളിലൂടെയുള്ള നഗരയാത്രയിൽ നടുവൊടിയുന്ന യാത്രക്കാരെ കബളിപ്പിക്കാൻ വീണ്ടും കുഴിയടയ്ക്കലുമായി നഗരസഭ.
ബിഒസി റോഡിൽ മേൽപ്പാലത്തിനും കലക്ടറുടെ വസതിക്കും ഇടയിലെ റോഡിലെ കുഴികളാണ്‌ നാലുമാസത്തിനിടെ മൂന്നാം തവണ കോൺക്രീറ്റ്‌ ചെയ്ത്‌ അടച്ചത്‌. റോഡ്‌ റീ ടാറിങ് നടത്താതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്‌ നഗരസഭ നടത്തുന്നതെന്നാണ്‌ ആക്ഷേപം.

റോഡിനേക്കാൾ ഉയരത്തിലാണ്‌ കുഴികളിൽ കോൺക്രീറ്റ്‌ നിറച്ചിട്ടുള്ളത്‌. ഇത്‌ യാത്ര കൂടുതൽ ബുന്ധിമുട്ടാക്കുന്നു. കോൺക്രീറ്റ്‌ ശരിയായി ഉറപ്പിക്കാത്തതിനാൽ റോഡിൽ മെറ്റൽ ചിതറിക്കിടക്കുന്നു.

മോയൻ സ്കൂൾ സിഗ്നലിനും റെയിൽവേ മേൽപ്പാലത്തിനും ഇടയിലെ കുഴിയിലെ കോൺക്രീറ്റ്‌ മണിക്കൂറുകൾക്കകം പൊളിഞ്ഞു. ഈ ഭാഗത്ത്‌ പൂർണമായി തകർന്ന റോഡിന്റെ ഒരു വശത്തുമാത്രമാണ്‌ കോൺക്രീറ്റ്‌ ചെയ്‌തിട്ടുള്ളത്‌. കലക്ടറുടെ വസതിക്കുമുന്നിൽ മുമ്പ്‌ പല തവണ റോഡ്‌ തകർന്നിരുന്നു.

ഈ ഭാഗത്ത്‌ റോഡിനുകുറുകെ വെട്ടിപ്പൊളിച്ച ഭാഗത്ത്‌ കോൺക്രീറ്റിങ് മാത്രമേ നടത്തിയിട്ടുള്ളു. അറ്റകുറ്റപ്പണി നടത്തി ഒരു മാസംകൊണ്ട്‌ വീണ്ടും വലിയ കുഴി രൂപപ്പെടുകയാണ്‌ പതിവ്‌. ജനങ്ങൾ പ്രതിഷേധം ഉയർത്തുന്നതോടെ കുഴിയടയ്ക്കലുമായി നഗരസഭ എത്തും.